പ്രതിഷേധത്തിനൊടുവില്‍ ലാറ്ററല്‍ എന്‍ട്രി നിയമന പരസ്യം റദ്ദാക്കാന്‍ കേന്ദ്രനിര്‍ദേശം

Update: 2024-08-20 12:03 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് ലാറ്ററല്‍ പ്രവേശനത്തിലൂടെ നിയമനം നല്‍കാനുള്ള നീക്കം പ്രതിപക്ഷത്തിന്റെയും ചില എന്‍ഡിഎ സഖ്യകക്ഷികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കി. ഇതുസംബന്ധിച്ച പരസ്യം റദ്ദാക്കണമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷനോട്(യുപിഎസ്‌സി) ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ജിതേന്ദ്ര സിങ് യുപിഎസ്‌സി ചെയര്‍പേഴ്‌സണ് കത്തെഴുതി. കഴിഞ്ഞ ആഴ്ചയാണ് യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യുപിഎസ്‌സി) 45 ജോയിന്റ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കുന്നതിന് അപേക്ഷകള്‍ തേടി പരസ്യം നല്‍കിയത്.

    കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ളവരെ ഉള്‍പ്പെടെയുള്ള സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കുകയായിരുന്നു ലക്ഷ്യം. യുപിഎസ്‌സിയുടെ പ്രഖ്യാപനം വന്‍ പ്രതിഷേധത്തിനു കാരണമായി. എന്‍ഡിഎ കക്ഷികളായ ജനതാദള്‍(യുനൈറ്റഡ്), ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി) ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തി. ലാറ്ററല്‍ എന്‍ട്രി വഴിയുള്ള നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താത്തതിനെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ലാറ്ററല്‍ എന്‍ട്രി എന്നത് ദലിതര്‍ക്കും ഒബിസികള്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള ആക്രമണമാണെന്നും ബിജെപിയുടെ രാമരാജ്യത്തിന്റെ വികലമായ പതിപ്പ് ഭരണഘടനയെ നശിപ്പിക്കാനും ബഹുജനങ്ങളില്‍ നിന്ന് സംവരണം തട്ടിയെടുക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. പ്രതിഷേധം ശക്തമാവുമെന്ന് മനസ്സിലാക്കിയാണ് തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയത്.

Tags:    

Similar News