മോദി സര്‍ക്കാര്‍ അടുത്ത മാസം താഴെവീഴും; തിരഞ്ഞെടുപ്പിനൊരുങ്ങാള്‍ ലാലുവിന്റെ ആഹ്വാനം

Update: 2024-07-05 16:02 GMT

പട്‌ന: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 'ദുര്‍ബലമായ' കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാസം താഴെവീഴുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 'കേന്ദ്ര സര്‍ക്കാര്‍ വളരെ ദുര്‍ബലമാണ് ഈ വര്‍ഷം ആഗസ്റ്റില്‍ താഴെ വീണേക്കാം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇത് ഇന്‍ഡ്യാ സംഘത്തെ അനുവദിക്കുമെന്നും ലാലു പ്രസാദ് പറഞ്ഞു. ആര്‍ജെഡിയുടെ 28ാം സ്ഥാപക ദിനത്തില്‍ പട്‌നയിലെ പാര്‍ട്ടി ആസ്ഥാനത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് പരാമര്‍ശം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിനാല്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായി നിലകൊള്ളണമെന്നും ലാലു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നാല് സീറ്റുകള്‍ നേടിക്കൊടുത്ത മകന്‍ തേജസ്വി യാദവിനെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ ശ്രമങ്ങള്‍ ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആര്‍ജെഡിയെ സ്ഥാപിക്കാന്‍ സഹായിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും അദ്ദേഹം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച ലാലു പ്രസാദ് യാദവ്, അധികാരത്തിലായാലും പ്രതിപക്ഷത്തായാലും പാര്‍ട്ടിയും നേതൃത്വവും ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞു. 2020ല്‍ ആര്‍ജെഡി നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി മാറിയെന്നും എന്നാല്‍, ആ തിരഞ്ഞെടുപ്പില്‍ അവര്‍ ഞങ്ങളെ ചതിക്കുകയും ബോധപൂര്‍വം പരാജയപ്പെടുത്തുകയും ചെയ്തതായി തേജസ്വി യാദവ് പറഞ്ഞു. സംവരണത്തിനും ഭരണഘടനയ്ക്കും എതിരാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. 'നരേന്ദ്ര മോദി ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ്. അദ്ദേഹം തന്റെ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കില്ല. ഇന്‍ഡ്യാ സഖ്യം 10 സീറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ 1997 ജൂലൈ അഞ്ചിനാണ് ആര്‍ജെഡി സ്ഥാപിതമായത്. 17 ലോക്‌സഭാ എംപിമാരുടെയും എട്ട് രാജ്യസഭാ എംപിമാരുടെയും പിന്തുണാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News