നീതി ലഭിച്ചതില്‍ സന്തോഷം; ഭീഷണിക്ക് വഴങ്ങാത്തതാണ് കേസിന് കാരണമെന്നും ബിനീഷ് കോടിയേരി

ബിനീഷിനെ വരവേല്‍ക്കാന്‍ നിരവധി സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. പൂമാലയിട്ടാണ് ബിനീഷിനെ ഇവര്‍ വരവേറ്റത്.

Update: 2021-10-31 06:14 GMT

തിരുവനന്തപുരം: നീതി ലഭിച്ചതില്‍ സന്തോഷമെന്നും ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് കോടിയേരി. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഒരു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ നന്ദി പറയാനുള്ളത് കോടതിയോടാണ്. സത്യത്തെ മൂടിവയ്ക്കാന്‍ കാലത്തിനാവില്ല. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. സത്യത്തെ മൂടിവയ്ക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേര്‍ത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് തിരുവനന്തപുരത്ത് പറഞ്ഞു.

തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ട്. ഒരു വര്‍ഷത്തിന് ശേഷമാണ് താന്‍ ജയില്‍ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ പത്തരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ബിനീഷിനെ വരവേല്‍ക്കാന്‍ നിരവധി സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. പൂമാലയിട്ടാണ് ബിനീഷിനെ ഇവര്‍ വരവേറ്റത്.

വിമാനത്താവളത്തില്‍ നിന്ന് ബിനീഷ് മരുതംകുഴിയിലെ വീട്ടിലെത്തി. പിതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനടക്കമുള്ള കുടുംബാംഗങ്ങള്‍ ബിനീഷിനായി മരുതംകുഴിയിലെ വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പേ ഇതേ വീട്ടില്‍ വച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ ഭാര്യയെ ചോദ്യം ചെയ്തത്. ബിനീഷിന്റെ അറസ്റ്റിന് പിന്നാലെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നു.


Tags:    

Similar News