ചൈനയ്ക്കു വേണ്ടി ചാരവൃത്തി: മാധ്യമപ്രവര്‍ത്തകന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ഡല്‍ഹിയിലെ പിതാംപുരയില്‍ രാജീവ് ശര്‍മയുടെ പേരിലുള്ള ഭവനമാണ് കണ്ടുകെട്ടിയ പ്രധാന സ്വത്ത്. കള്ളപ്പണം വെളുപ്പിക്കലിനും ഇയാള്‍ക്കെതിരേ ഇഡി കേസെടുത്തിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചൈനയ്ക്കു കൈമാറിയ കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) കണ്ടുകെട്ടി. 48.21 ലക്ഷം രൂപയുടെ ആസ്തികളാണ് ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടിന്റെ പരിധിയില്‍ പെടുത്തി ഇഡി പിടിച്ചെടുത്തത്.
ഡല്‍ഹിയിലെ പിതാംപുരയില്‍ രാജീവ് ശര്‍മയുടെ പേരിലുള്ള ഭവനമാണ് കണ്ടുകെട്ടിയ പ്രധാന സ്വത്ത്. കള്ളപ്പണം വെളുപ്പിക്കലിനും ഇയാള്‍ക്കെതിരേ ഇഡി കേസെടുത്തിട്ടുണ്ട്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതിഫലം കൈപ്പറ്റി രഹസ്യവും തന്ത്രപ്രധാനമായ വിവരങ്ങള്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായ രാജീവ് ശര്‍മ കൈമാറിയെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യാജ കമ്പനി വഴിയാണ് ശര്‍മയക്ക് പണം ലഭിച്ചിരുന്നത്. ചൈനീസ് പൗരന്മാരായ ഷാങ് ചെങ് എന്ന സൂരജ്, ഷാങ് ലിക്‌സിയ എന്ന ഉഷ, ക്വിംഗ് ഷി എന്നിവര്‍ നേപ്പാള്‍ പൗരനായ രാജ് ബൊഹാര എന്ന ഷേര്‍ സിംഗ് എന്നയാള്‍ക്കൊപ്പം ചേര്‍ന്നാണ് ഈ കമ്പനി നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'രാജീവ് ശര്‍മയെപ്പോലുള്ളവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ കമ്പനി ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രതിഫലം കാരിയറുകള്‍ വഴിയും ക്യാഷ് ഡെപ്പോസിറ്റുകളിലൂടെയും പണമായി നല്‍കി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം മറച്ചുവയ്ക്കാന്‍ തന്റെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടാണ് രാജീവ് ശര്‍മ പണം സ്വീകരിക്കാന്‍ ഉപയോഗിച്ചത്'- ഇഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ചാരവൃത്തി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാജീവ് ശര്‍മയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.