അധിനിവേശത്തെ അതിജീവിക്കാനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസമാണ്; വേദനകള്‍ക്കിടയിലും പഠിക്കാനൊരുങ്ങി ഗസയിലെ കുട്ടികള്‍

Update: 2025-02-26 10:25 GMT

ഗസ: രണ്ട് വര്‍ഷത്തിന് ശേഷം പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ഗസയിലെ കുരുന്നുകള്‍. ഇസ്രായേല്‍ ഫലസ്തീനില്‍ നടപ്പാക്കിയ വംശഹത്യടയെ തുടര്‍ന്ന് 625,000-ത്തിലധികം കുട്ടികള്‍ക്കാണ് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വന്നത്.

'ഞങ്ങള്‍ക്ക് ഇനി സ്‌കൂള്‍ യൂണിഫോമുകളില്ല, പക്ഷേ അതൊന്നും പഠിക്കുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കില്ല. ഞങ്ങളുടെ സ്‌കൂളുകള്‍ നശിപ്പിക്കപ്പെട്ടാലും ഞങ്ങളുടെ ഭാവി കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്'' 10ാം ക്ലാസ് വിദ്യാര്‍ഥി മഹ്‌മൂദ് ബഷീര്‍ പറഞ്ഞു .

ഞാന്‍ സ്‌കൂളില്‍ തിരിച്ചെത്തിയ ദിവസം എനിക്ക് ഓര്‍മ്മയുണ്ട്, എന്റെ സഹപാഠികള്‍ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയത് ഞാന്‍ കണ്ടു, അവരില്‍ ചിലര്‍ക്ക് കുടുംബം നഷ്ടപ്പെട്ടു, മറ്റുള്ളവര്‍ക്ക് വീടുകള്‍ തകര്‍ന്നു. പക്ഷേ അവരെല്ലാം ഇവിടെയുണ്ട്, തകര്‍ന്ന ക്ലാസ് മുറികളില്‍. ഒന്നിനും ഇനി തങ്ങളെ തടയാന്‍ കഴിയില്ല. 'സാഹചര്യങ്ങളില്‍ നിന്ന് മാത്രമല്ല, അധിനിവേശം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അജ്ഞതയില്‍ നിന്നും അതിജീവിക്കാനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസമാണ്,' അവന്‍ കൂട്ടിചേര്‍ത്തു.

വിദ്യാഭ്യാസത്തെ ഒരു അനിവാര്യ ലക്ഷ്യമായാണ് തങ്ങള്‍ കാണുന്നതെന്നും, ഗസ പുനര്‍നിര്‍മ്മിക്കുന്നതിലും പലസ്തീനികളുടെ പുരോഗതിക്ക് സംഭാവന നല്‍കുന്നതിലും പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഏക പ്രതീക്ഷ വിദ്യാഭ്യാസമാണെന്നും അതുകൊണ്ടാണ് അവരെ സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ കൂട്ടിചേര്‍ത്തു. ഗസയിലെ കുട്ടികള്‍ സാധാരണ ജീവിതം നയിക്കുന്നില്ലെന്നും വ്യോമാക്രമണങ്ങളെക്കുറിച്ചുള്ള നിരന്തരമായ ഭയം അവരെ നിരന്തരം വേട്ടയാടുകയാണെന്നും അവര്‍ പറയുന്നു.

ഇപ്പോഴും നിലനില്‍ക്കുന്നതും നവീകരിച്ചതും സജ്ജീകരിച്ചതുമായ സ്‌കൂളുകളിലെ സ്ഥാപനങ്ങളിലോ അല്ലെങ്കില്‍ ബദല്‍ സ്‌കൂള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ വഴിയോ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുമെന്ന് ഗസയിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക്, വിദ്യാഭ്യാസം തുടരുന്നതിനായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കാന്‍ ആലോചിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം 1,166 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും 85 ശതമാനം സ്‌കൂളുകളും പ്രവര്‍ത്തനരഹിതമാക്കുകയും 2 ബില്യണ്‍ ഡോളറിലധികം നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.അതേസമയം, 2023 ഒക്ടോബര്‍ മുതല്‍ കൊല്ലപ്പെട്ട 61,000-ത്തിലധികം ഫലസ്തീനികളില്‍ 12,800 വിദ്യാര്‍ത്ഥികളും 800 അധ്യാപകരും കൊല്ലപ്പെട്ടതായി ഗസയുടെ മാധ്യമ ഓഫീസ് പറയുന്നു.

Tags:    

Similar News