വിദ്യാഭ്യാസ ലോണ്‍: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം-കാംപസ് ഫ്രണ്ട്

Update: 2021-07-18 17:13 GMT

എറണാകുളം: വിദ്യാഭ്യാസ ലോണ്‍ 7.5 ലക്ഷം വരെ ഈടില്ലാതെ നല്‍കണമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍. എറണാകുളം സ്വദേശിനി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടുള്ളത്. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രതികാര നടപടി സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരേ നടപടി സ്വീകരിക്കണം. നിലവില്‍ 7.5 ലക്ഷം വരെ ഒരു വിദ്യാര്‍ഥിക്ക് ഒരു ഈടുമില്ലാതെ നല്‍കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബാങ്ക് അസോസിയേഷന്റേയും ഉത്തരവുകള്‍ ഉണ്ട്. എന്നാല്‍ അത് കാറ്റില്‍ പറത്തിയാണ് പല ബാങ്കുകളും വിദ്യാഭ്യാസ ലോണിനെ സമീപിക്കുന്നത്. അത്തരം ബാങ്കുകള്‍ക്കുള്ള ശക്തമായ തിരിച്ചടിയായിട്ടാണ് ഈ വിധിയെ കാംപസ് ഫ്രണ്ട് നോക്കിക്കാണുന്നത്. കൂടാതെ ഹൈക്കോടതി വിധി ഉയര്‍ന്ന പഠനം നേടാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ആശ്വാസകരവുമാണ്. വിദ്യാഭ്യാസ ലോണ്‍ എന്നത് പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടു വരാനും അവര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനും വേണ്ടിയാണ്. എന്നാല്‍ നിലവില്‍ വിദ്യാഭ്യാസ ലോണ്‍ വിദ്യാര്‍ഥികളെ ദ്രോഹിക്കാനും പ്രയാസപ്പെടുത്താനും ഉപയോഗപ്പെടുത്തുന്നുണ്ട്. അത് അനുവദിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ ലോണ്‍ വിദ്യാര്‍ഥി സൗഹൃദമായി ലഭിക്കേണ്ടതുണ്ട്. അതിന് വേണ്ട ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തണമെന്നും എ എസ് മുസമ്മില്‍ കൂട്ടിച്ചേര്‍ത്തു.

Education Loan: High Court Judgment Welcomed-Campus Front

Tags:    

Similar News