പ്രൊവിഡന്‍സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം; കാംപസ് ഫ്രണ്ട് മാര്‍ച്ച് പോലിസ് തടഞ്ഞു, പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട്: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പ്രൊവിഡന്‍സ് സ്‌കൂള്‍ പിടിഎ ഭാരവാഹികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ 11 മണിക്ക് പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ്് ചെയ്തു നീക്കി. കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഹിഷാം, ഇല്യാസ് ഉള്‍പ്പടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പ്രസിഡന്റ് ഹിഷാം ഇല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലേക്ക് വരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ തട്ടവും മക്കനയും ധരിച്ചാല്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ് അനീഷ് താമരക്കുളത്തിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം. മൊബൈലും മറ്റു വസ്തുക്കളും വയ്ക്കുന്നത് ലെഗിന്‍സ് പോലുള്ള എക്‌സട്രാ ഫിറ്റിങ്‌സിനുള്ളിലാണെന്നും ഇത്തരം വസ്തുക്കള്‍ എവിടെ വേണമെങ്കിലും ഒളിപ്പിച്ചുവയ്ക്കാമെന്നും, ഒരോ രീതിയിലുള്ള യൂനിഫോമാണെങ്കില്‍ ഈ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ മുസ്‌ലിം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. രക്ഷിതാക്കള്‍ ഇവിടെ തട്ടമിട്ടാണ് വരുന്നത്, യൂനിഫോം തീരുമാനിക്കാനുള്ള അധികാരം സ്‌കൂള്‍ മാനേജ്‌മെന്റിനുമുണ്ട്. സ്‌കൂളില്‍ പ്രവേശനം നേടുന്ന സമയത്ത് വിദ്യാലയത്തിന്റെ റൂള്‍സ് ആന്റ് റഗുലേഷന്‍ വ്യക്തമാക്കുന്ന ഫോം ഒപ്പിട്ടുവാങ്ങുന്നുണ്ട്, യൂനിഫോം ധരിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് മറ്റു വിദ്യാലയങ്ങളിലേക്ക് മാറിപ്പോവാമെന്നും വിഷയം സര്‍ക്കാറിന്റെ അടുക്കലെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തീരുമാനപ്രകാരം മുന്നോട്ടുപോവുമെന്നും അദ്ദേഹം പറയുന്നു.