ഹിജാബിടാതെ പഠനം തുടരാനില്ല; കോഴിക്കോട് പ്രോവിഡന്‍സ് സ്‌കൂളില്‍നിന്ന് ടിസി വാങ്ങി വിദ്യാര്‍ഥിനി

Update: 2022-09-20 05:20 GMT

കോഴിക്കോട്: ഹിജാബ് വിലക്കില്‍ ഉറച്ചുനിന്ന സ്‌കൂള്‍ അധികൃതരില്‍ നിന്ന് ടിസി വാങ്ങി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. കോഴിക്കോട് നടക്കാവ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഹിജാബ് വിലക്ക് ഇപ്പോഴും തുടരുന്നത്. സ്‌കൂളില്‍ അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെയും രക്ഷിതാവിനെയും അറിയിച്ചിരുന്നു. എന്നാല്‍, ഹിജാബ് ധരിക്കാതെ പഠനം തുടരാനാവില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥിനി. വിലക്ക് പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായതുമില്ല. അതിനിടെയാണ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനിക്ക് അഡ്മിഷന്‍ ലഭിച്ചത്.

മോഡല്‍ സ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദമുണ്ട്. തുടര്‍ന്നാണ് പ്രോവിഡന്‍സ് സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയും രക്ഷിതാവും ടിസി വാങ്ങിയത്. മുസ്‌ലിം മതാചാരപ്രകാരം ഹിജാബിട്ട് പഠിക്കാന്‍ പ്രൊവിഡന്‍സ് സ്‌കൂള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഇവിടെ പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക് നേരത്തെയും വിവാദമായിരുന്നു. സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയോട് സ്‌കൂളില്‍ ഹിജാബ് അനുവദിക്കില്ലെന്നും യൂനിഫോമില്‍ ശിരോവസ്ത്രമില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയുടെ രക്ഷിതാവിനോട് ഇവിടെ ഇങ്ങിനെയാണെന്നും താങ്കള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. തുടര്‍ന്നാണ് ഹിജാബ് വിലക്ക് സംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് മുസ്തഫ കഴിഞ്ഞമാസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. മന്ത്രിയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്. സ്‌കൂള്‍ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പരാതിക്ക് പിന്നാലെ വിഷയം അന്വേഷിച്ച് ഉടന്‍ റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കിയെങ്കിലും വിലക്ക് ഇപ്പോഴും തുടരുകയാണ്.

ഹിജാബ് വിഷയത്തില്‍ ഇതേ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് അനീഷ് താമരക്കുളത്തിന്റെ വിദ്വേഷ പരാമര്‍ശവും നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. ഹിജാബ് അനുവദിച്ചാല്‍ വിദ്യാര്‍ഥിനികള്‍ ലഹരിയും മയക്കുമരുന്നും സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ അത് മറയാക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഇയാള്‍ ഉന്നിയിച്ചത്. ''സ്‌കൂളിലേക്ക് തട്ടവും മക്കനയും ധരിച്ചുവരുന്നതല്ല, ലഹരിയും മയക്കുമരുന്നുമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചുവരുന്ന വിദ്യാര്‍ഥികള്‍ മൊബൈലും മറ്റു വസ്തുക്കളും വയ്ക്കുന്നത് ലഗിന്‍സ് പോലുള്ള എക്‌സ്ട്രാ ഫിറ്റിങ്‌സിനുള്ളിലാണെന്നും ഇത്തരം വസ്തുക്കള്‍ എവിടെ വേണമെങ്കിലും ഒളിപ്പിച്ചുവയ്ക്കാം'' തുടങ്ങിയ പരാമര്‍ശങ്ങളാണ് പ്രസിഡന്റ് നടത്തിയത്.

Tags:    

Similar News