പുല്‍വാമ ആക്രമണത്തില്‍ രാജ്യം തേങ്ങുമ്പോള്‍ പാക് അനുകൂല മുദ്രാവാക്യവുമായി റെയില്‍വേ ഉദ്യോഗസ്ഥന്‍

പൂനെ ലോണാവാലയിലെ ശിവാജി ചൗക്കില്‍ 'പാക്കിസ്താന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കിയ 39 കാരനായ ഉപേന്ദ്രകുമാര്‍ ശ്രീവീര്‍ ബഹദൂര്‍ സിംഗാണ് അറസ്റ്റിലായത്. ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ ടിക്കറ്റ് കളക്ടറാണ് ഉപേന്ദ്രകുമാര്‍.

Update: 2019-02-15 16:13 GMT

പൂനെ: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കായി രാജ്യം മുഴുവന്‍ തേങ്ങുകയും പാകിസ്താനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെ, പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

പൂനെ ലോണാവാലയിലെ ശിവാജി ചൗക്കില്‍ 'പാക്കിസ്താന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കിയ 39 കാരനായ ഉപേന്ദ്രകുമാര്‍ ശ്രീവീര്‍ ബഹദൂര്‍ സിങാണ് അറസ്റ്റിലായത്. ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ ടിക്കറ്റ് കളക്ടറാണ് ഉപേന്ദ്രകുമാര്‍. ലോണോവാലയില്‍ താമസിക്കുന്നവര്‍ ഒത്തുകൂടി പുല്‍വാമയില്‍ വരിച്ച ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒരുങ്ങവെയാണ് ഉപേന്ദ്രകുമാര്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. തൊട്ടുപിന്നാലെ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ പാക് അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതോടെ ക്ഷുഭിതരായ പ്രദേശവാസികള്‍ ഇയാളെ വളയുകയും മര്‍ദിക്കുകയും ചെയ്തു. എന്നാല്‍, സംഭവസ്ഥലത്തുണ്ടായിരുന്ന പോലിസ് ഉടനടി ഇയാളെ കസ്റ്റഡിയിലെടുത്ത് ജനക്കൂട്ടത്തില്‍നിന്നു രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 ബി പ്രകാരം ഇയാള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News