കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിവസത്തിലേക്ക്
ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിവസത്തിലേക്ക്. സമാന്തരമായി കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം. ഗുണ ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള രാഘോഗഡ് നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പിപ്ലിയ ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. കളിക്കാന്‍ പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുഴല്‍കിണറില്‍ വീണ നിലയില്‍ കണ്ടത്.
39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടക്കുന്നത്. കുഴല്‍ക്കിണറിന് 140 അടി താഴ്ചയുണ്ടെന്ന് ഗുണ കളക്ടര്‍ സതേന്ദ്ര സിങ് പറഞ്ഞു.നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ (എന്‍ഡിആര്‍എഫ്) ഒരു സംഘം കുട്ടിയുടെ സമീപമെത്താനുള്ള പരിശ്രമത്തിലാണ്.