ഈദുല്‍ ഫിത്തര്‍: മാംസ വിഭവങ്ങളുടെ ഡോര്‍ ഡെലിവറിയ്ക്ക് തദ്ദേശവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

Update: 2021-05-12 12:24 GMT

തിരുവനന്തപുരം: ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസവിഭവങ്ങളുടെ ഡോര്‍ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാംസവിഭവങ്ങളുടെ വില്‍പന സംബന്ധിച്ച് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു.

ഇറച്ചിക്കടകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനകളുമായി ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാന്‍ അപേക്ഷിക്കണം. കടയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

ഇറച്ചിവില്‍പ്പനക്കാര്‍ പരമാവധി ഡോര്‍ ഡെലിവറി പ്രോത്സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങള്‍ ചെയ്യണം. തദ്ദേശസ്ഥാപനങ്ങള്‍ തങ്ങളുടെ അധികാര പരിധിയിലുള്ള വില്‍പനക്കാരുടെ കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെ പട്ടിക തയാറാക്കി ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാക്കണം.

കച്ചവടക്കാര്‍ ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിനായി ആവശ്യത്തിന് ഡോര്‍ ഡെലിവറിക്ക് തയാറായ സന്നദ്ധ പ്രവര്‍ത്തകരെ ഹെല്‍പ് ഡെസ്‌കില്‍ തയാറാക്കി നിര്‍ത്തണം. റംസാന് തലേന്ന് രാത്രി മുഴുവന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കണം. ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ പോലിസുമായി പങ്കുവെക്കണം.

ഇറച്ചികൊണ്ടുകൊടുക്കുന്നവര്‍ക്കുള്ള പാസ് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെല്‍ത്ത് ഓഫീസര്‍ വിതരണം ചെയ്യണം.

Tags:    

Similar News