എട്ട് ജില്ലകള്‍ കൊവിഡ് മുക്തമായി; നാളെ മുതല്‍ പ്രവാസികള്‍ എത്തിത്തുടങ്ങും

Update: 2020-05-06 14:23 GMT

തിരുവനന്തപുരം: നിലവില്‍ ആറ് ജില്ലകളില്‍ മാത്രമാണ് വൈറസ് ബാധിച്ചവര്‍ ചികില്‍സയിലുള്ളത്. കണ്ണൂരില്‍ 18 പേര്‍ ചികില്‍സയില്‍ തുടരുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകള്‍ കൊവിഡ് മുക്തമാണ്. പുതുതായി ഇന്ന് സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ കുറവും ഇന്നത്തെ ആശ്വാസ വാര്‍ത്തയാണ്.

ലോക്ക് ഡൗണ്‍ കാരണം വിദേശ രാജ്യങ്ങളില്‍പ്പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ നാട്ടിലേക്കെത്തുകയാണ്. അതുസംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവര്‍ വരുന്നത്.

നാളെ രണ്ടു വിമാനങ്ങള്‍ വരുമെന്നാണ് ഒടുവില്‍ ലഭിച്ചിട്ടുള്ള ഔദ്യോഗിക വിവരം. അബൂദബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബയില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍ വരുന്നത്.

നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തില്‍ കരുതലോടെയാണ് നാം ഇടപെടുന്നത്. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം അതിയായ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

Tags:    

Similar News