ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് വൃദ്ധനെ മര്‍ദ്ദിച്ചതില്‍ കേസെടുത്തത് പണം തട്ടിപ്പറിച്ചതിന് മാത്രം
ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനു പകരം പണം തട്ടിയ കേസിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗാസിയാബാദ്: പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയ വയോധികനെ തട്ടിക്കൊണ്ടുപോയി ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തത് പണം തട്ടിപ്പറിച്ചതിന്റ പേരില്‍ മാത്രം. ഗാസിയാബാദിലെ അബ്ദുല്‍ സമദ് എന്ന 72കാരനായ വയോധികനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പണം തട്ടിപ്പറിച്ചു എന്ന കുറ്റം മാത്രം ചുമത്തി പോലിസ് ഹിന്ദുത്വ അക്രമികള്‍ക്ക് കൂട്ടുനിന്നത്.
ജൂണ്‍ അഞ്ചിനാണ് അബ്ദുല്‍ സമദിന് മര്‍ദ്ദനമേറ്റത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ചൊല്ലാന്‍ ആവശ്യപ്പെട്ട അക്രമികള്‍ സമദിന്റെ താടിയും മുറിച്ചു. സംഭവത്തില്‍ ലോണി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനു പകരം പണം തട്ടിയ കേസിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാരീരികമായി മര്‍ദിച്ചതോ താടി മുറിച്ചതോ ജയ് ശ്രീറാം വിളിപ്പിച്ചതോ ഒന്നും എഫ്ഐആറില്‍ പരാമര്‍ശിക്കുന്നില്ല. അക്രമികളില്‍ ഒരാളെ മാത്രമാണ് പൊലീസ് പിടികൂടിയിട്ടുള്ളത്.
മൂന്നുപേര്‍ ചേര്‍ന്നാണ് അബ്ദുല്‍ സമദിനെ ആക്രമിച്ചത്. കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ആക്രമണ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടുപോലും പണം തട്ടിയെടുത്തു എന്ന ജാമ്യം ലഭിക്കാവുന്ന നിസ്സാര കേസാണ് പോലിസ് ചുമത്തിയിട്ടുള്ളത്.