തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ച് എഡിബിയിലേക്ക്

Update: 2020-07-16 04:33 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ തല്‍സ്ഥാനം രാജിവച്ചു. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നതിന്റെ ഭാഗമാണ് രാജി. എഡിബി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. എഡിബിയുടെ പിപിപി വിഭാഗവും സ്വകാര്യ മേഖലാ ഓപറേഷന്റെയും ചുമതലയായിരിക്കും അദ്ദേഹം വഹിക്കുക.

2021 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയായി നിയമിക്കപ്പെടാനിരിക്കെയാണ് അദ്ദേഹം രാജിവയ്ക്കുന്നത്.

ആഗസ്ത് 31ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത സ്ഥാനമൊഴിയുകയാണ്. ഈ സ്ഥാനത്തേക്കാണ് അശോക് ലവാല വരുന്നത്.

ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംസ്ഥാന ഫെഡറല്‍ നിലവാരത്തില്‍ നിരവധി പ്രൊജക്ടുകള്‍ക്ക് നേൃത്വം നല്‍കിയ അശോക് ലവാസയുടെ കഴിവുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനം. നയപരമമായ കാര്യത്തിലും ഓപറേഷന്‍ വിഭാഗത്തിലും അദ്ദേഹത്തിന് മുന്‍പരിചയമുണ്ട്. ഇതും ഉപോഗപ്പെടുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍.

1980 ഹരിയാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ലവാസ ജനുവരി 2019ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഏപ്രില്‍ 2021 ന് പിരിഞ്ഞുപോകുന്ന ഒഴിവില്‍ അശോകാണ് നിയമിക്കപ്പെടേണ്ടിയിരുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായും മോദിയുമായി അശോക് ഉടക്കിയിരുന്നു. ഇരുവര്‍ക്കും ക്ലീന്‍ ചിട്ട് നല്‍കിയതിനെതിരേ അദ്ദേഹം പരസ്യമായി രംഗത്തുവന്നു. ഇതേ തുടര്‍ന്ന് ആദായനികുതി വകുപ്പ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷണറായി എത്തും മുമ്പ് ലവാല കേന്ദ്ര ഫിനാന്‍സ് സെക്രട്ടറിയായിരുന്നു. വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, വ്യോമയാനം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

നിരവധി എഡിബി പ്രൊജക്റ്റുകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവമാണ് അശോകിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണക്കാന്‍ പ്രേരിപ്പിച്ചതെന്ന് എഡിബി വ്യക്തമാക്കി.

സെപ്റ്റംബര്‍ 2020ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. 

Tags:    

Similar News