വൈദ്യുതി ബില്‍ അടയ്ക്കാനുള്ള സമയം നീട്ടണം: പി ജമീല

ഓണ്‍ലൈന്‍ ബില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യം

Update: 2022-06-29 13:31 GMT

തിരുവനന്തപുരം: വൈദ്യുതി ബില്‍ കൗണ്ടറുകളില്‍ അടയ്ക്കാനുള്ള സമയം വെട്ടിച്ചുരുക്കിയ നടപടി പുനക്രമീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. ഓണ്‍ലൈന്‍ പേയ്‌മെന്റിലേക്കായതോടെ സാധാരണക്കാരും വീട്ടമ്മമാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ സെക്ഷന്‍ ഓഫിസുകളിലെ കാഷ് കൗണ്ടറുകളില്‍ തുകയടയ്ക്കാനുള്ള സൗകര്യമൊരുക്കിയിരുന്നത് 2019 ജനുവരി ഒന്നു മുതല്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു വരെയാക്കി ചുരുക്കിയിരിക്കുകയാണ്. കൂടാതെ രണ്ടായിരത്തിനു മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അടയ്ക്കാനാവുകയുള്ളൂ. മിക്ക കൗണ്ടറുകളിലും രണ്ട് കാഷ്യര്‍മാര്‍ ഉണ്ടായിരുന്നത് വെട്ടിച്ചുരുക്കി ഒന്നാക്കി. ഉദ്യോഗസ്ഥ:രുടെ എണ്ണം കുറച്ച ബോര്‍ഡ് തീരുമാനം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. സംസ്ഥാനത്തെ സാധാരണക്കാരായ വീട്ടമ്മമാര്‍ ഡിജിറ്റല്‍ സൗകര്യമുപയോഗിച്ച് ബില്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശം പരിഹാസ്യമാണ്. കൂടാതെ നിത്യ വരുമാനമോ ബാങ്കിങ് ഡെപ്പോസിറ്റോ ഇല്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളുണ്ട് കേരളത്തില്‍. അക്കൗണ്ടും ഡെപ്പോസിറ്റും ഇല്ലാത്തവര്‍ എങ്ങിനെയാണ് ബില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ അടയ്ക്കുന്നതെന്നു കൂടി സര്‍ക്കാര്‍ വ്യക്തമാക്കണം. പല ഓണ്‍ലൈന്‍ സ്ഥാപനങ്ങളും അമിത സര്‍വീസ് ചാര്‍ജാണ് ബില്‍ അടയ്ക്കുന്നതിന് ഈടാക്കുന്നത്. കൂടാതെ നേരിട്ട് പണമടയ്ക്കാന്‍ മൂന്നു മണിക്ക് മുമ്പ് കൗണ്ടറിലെത്തണമെങ്കില്‍ ജോലിക്കാര്‍ക്ക് ഹാഫ് ഡേ അവധിയെടുക്കണം. കൂലി തൊഴിലാളികളാണെങ്കില്‍ ഒരു ദിവസത്തെ ജോലി ഉപേക്ഷിക്കണം. ഇത്തരത്തില്‍ സംസ്ഥാനത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം പുനപ്പരിശോധിക്കണമെന്നും പി ജമീല വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News