മാനന്തവാടി: 20 കിലോഗ്രാമിലധികം തൂക്കമുള്ള ആനക്കൊമ്പുമായി നാലു പേർ വനപാലകരുടെ പിടിയിലായി. കുഞ്ഞോം ഇട്ടിലാട്ടിൽ കോളനിയിലെ വിനോദ്(30), കാട്ടിയേരി കോളനിയിലെ രാഘവൻ(39), രാജു(34), ഗോപി(38) എന്നിവരെയാണ് പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ്കുമാറും സംഘവും ഇന്നലെ പുലർച്ചെ കാട്ടിയേരി കോളനിയിൽനിന്നു അറസ്റ്റു ചെയ്തത്.
കുഞ്ഞോം കൊളത്തറ വനത്തിൽ പ്രായാധിക്യംമൂലം ചരിഞ്ഞ കാട്ടാനയുടേതാണ് കൊമ്പ്. ദന്തങ്ങൾ നഷ്ടപ്പെട്ട നിലയിൽ കാട്ടാനയുടെ ജഡം ശ്രദ്ധയിൽപ്പെട്ട വനപാലകർ കഴിഞ്ഞ മാർച്ച് രണ്ടിനു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. വനത്തിൽ വീണുകിടക്കുന്ന മരത്തിന്റെ പൊത്തിൽ ചപ്പുമൂടി സൂക്ഷിച്ച നിലയിലാണ് കൊമ്പുകള് കണ്ടെത്തിയത്. കൊമ്പ് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതി.
തേൻ ശേഖരിക്കാൻ വനത്തിൽ പോയ നാൽവർ സംഘം ഈച്ചകൾ കൂട്ടത്തോടെ പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടു നോക്കിയപ്പോഴാണ് അഴുകിയ നിലയിൽ ആനയുടെ ജഡം കണ്ടത്. ജഡത്തിൽനിന്നു രണ്ടു കൊമ്പുകളും സംഘം അടർത്തിമാറ്റി മരപ്പൊത്തിൽ സൂക്ഷിക്കുകയായിരുന്നു.
കൊമ്പുകളിലൊന്നു കാണാതായി. വനപാലകർ കണ്ടെടുത്ത കൊമ്പിന്റെ കുറച്ചുഭാഗം മുള്ളൻപന്നിതിന്നു കേടായ നിലയിലാണ്. മുള്ളൻപന്നികൾ വലിച്ചുനീക്കിയ രണ്ടാമത്തെ കൊന്പ് വനത്തിലെ ചപ്പത്തോട്ടിലൂടെ ഒഴുകിപ്പോയെന്ന നിഗമനത്തിലാണ് വനപാലകർ. രണ്ടു കൊമ്പും ഒന്നിച്ചാണ് സൂക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി.
കുഞ്ഞാം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഓഫീസർമാരായ എൻ.ആർ. കേളു, ടി.ബി. സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. ബിബിൻ, വിപിൻ ആർ. ചന്ദ്രൻ, കെ.കെ. നിഷിത, എം.എം. ഫാഹിദ്, ഫോറസ്റ്റ് വാച്ചർമാരായ മനുശങ്കർ, ബാലൻ, പ്രശാന്ത് എന്നിവരും ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
മാനന്തവാടി ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.