എല്‍ഗാര്‍ പരിഷദ് കേസ്: കബീര്‍ കലാ മഞ്ചിനെ കേസില്‍ പ്രതി ചേര്‍ത്തത് മോദിക്കെതിരേ പാരഡി ഗാനമാലപിച്ചതിന്
മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ കബീര്‍ കലാ മഞ്ചിനെതിരേ എന്‍ഐഎ കേസെടുത്തത് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് പാരഡി ഗാനമാലപിച്ചതിന്. കലാകാരന്മാരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗെയ്‌ച്ചോര്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയില്‍ പ്രതികരിച്ചുകൊണ്ട് ബോംബെ ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എന്‍ഐഎ പാരഡിഗാനങ്ങളുടെ കാര്യം ഉന്നയിച്ചത്. കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകര്‍ ബിജെപിയെയും മോദിയെയും പരിഹസിച്ച് പാരഡിഗാനമാലപിച്ചുവെന്ന് എന്‍ഐഎ പറയുന്നു.
പാരഡിയുടെ ഇംഗ്ലീഷ് പരിഭാഷയും എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പാട്ടിനു പുറമെ ഗോസുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളെയും ബിജെപിയുടെ ബ്രാഹ്മണിക്കല്‍ താല്‍പര്യങ്ങളെയും കുറിച്ചുള്ള ഗാനത്തോടൊപ്പമുള്ള പ്രസ്താവനകളും പരിഭാഷപ്പെടുത്തി സമര്‍പ്പിച്ചിട്ടുണ്ട്.
'എന്റെ പേര് ഭക്തേന്ദ്ര മോദി. എന്റെ സംസാരം ലളിതമാണ്. എന്റെ ജീവിതം ലളിതമാണ്. കോട്ടും ലക്ഷത്തില്‍ ഒന്നാണ്. ഹേയ്, ആരാണ് ഇവിടെ? പ്രതിപക്ഷത്തെ ശ്രദ്ധിക്കരുത്... അതിനാല്‍, എന്റെ സംസാരം ലളിതമാണ്, എന്റെ ജീവിതം ലളിതമാണ്, പക്ഷേ, ആരെങ്കിലും എന്നെ പിന്തുടരുകയാണെങ്കില്‍, അയാളുടെ ഉന്മൂലനം ഉറപ്പാണ്,'- എന്‍ഐഎ നല്‍കിയ ഗാന പരിഭാഷയില്‍ പറയുന്നു.
മോദിയുടെ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിനെ കുറിച്ചും പരാമര്‍ശമുണ്ട്. മാന്‍കി ബാത്ത് മോദിയെ പിന്തുടരുന്നവരോട് വിശക്കുമ്പോള്‍ ചാണകവും ദാഹിക്കുമ്പോള്‍ ഗോമൂത്രവും കുടിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും സസ്യഭക്ഷണം കഴിക്കൂ, അതാണ് നല്ല ഭക്ഷണമെന്നും നിങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വരുന്നുവെന്നും ഗാനത്തില്‍ പറയുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
മറാത്തി ഭാഷയില്‍ എഴുതി അവതരിപ്പിച്ച ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് എന്‍ഐഎ നല്‍കിയിരിക്കുന്നത്. അതേസമയം പരിഭാഷ എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ലെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ ഗാനങ്ങളിലൂടെ പ്രതികരിക്കുന്ന കബീര്‍ കലാമഞ്ചിന്റെ രീതി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവയാണ്. അതേസമയം മോദിയ്‌ക്കെതിരേ മാത്രമല്ല, കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേയും കബീര്‍ കലാമഞ്ച് ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഗാനങ്ങള്‍ക്കു പുറമെ നക്‌സല്‍ നേതാവായ മിലിന്ദ് തെല്‍ത്തുംദെയുമായി 2011-2013 കാലത്ത് കലാസംഘത്തിന് ബന്ധമുണ്ടെന്ന മറ്റൊരു ആരോപണവും എന്‍ഐഎ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ഇതേ ആരോപണങ്ങള്‍ മഹാരാഷ്ട്ര എടിഎസ് ചാര്‍ജ്ജ് ചെയ്ത മറ്റൊരു കേസിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇരുവരും 2013-17 കാലത്ത് ജയില്‍ വാസവുമനുഷ്ഠിച്ചു. അതേ തെളിവുകളാണ് ഇവര്‍ക്കെതിരേ ഇപ്പോള്‍ എല്‍ഗാര്‍ പരിഷദ് കേസില്‍ ചുമത്തിയിട്ടുള്ളത്.