ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ പൊതുജനം രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ
തൃശ്ശൂര്‍: കുന്നംകുളം പുതുശ്ശേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. അനൂപിനെ ഇരുട്ടിന്റെ മറവില്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ്സിനെതിരെ പൊതുജനം രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡണ്ട് ഇ എം ലത്തീഫ്. രാജ്യമാകെ കൊവിഡ് ഭീതിയില്‍ പരിഭ്രമിച്ചിരിക്കുമ്പോഴും ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കേരളത്തില്‍ ആര്‍എസ്എസ് നടത്തിയിട്ടുള്ള കൊലപാതകങ്ങളില്‍ ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടുള്ള സമീപനം സംഘപരിവാറിന് അനുകൂലമായാണ്. കൊടിഞ്ഞി ഫൈസല്‍ വധം, ചൂരിയിലെ റിയാസ് മൗലവി വധം ഉള്‍പ്പെടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസില്‍ പൊലിസിന്റെ ഇടപെടലുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. ആര്‍എസ്എസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടികള്‍ സ്വികരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. നാട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സംഘപരിവാര്‍ തീവ്രവാദത്തിനെതിരെ പൊതുജനങ്ങള്‍ രംഗത്ത് വരണമെന്നും ഇ എം ലത്തീഫ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.