ഭോപ്പാല്‍: മധ്യപ്രദേശില്‍ ദലിത് യുവാവിനെ അടിച്ചു കൊന്നു. കുഴല്‍ കിണറുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാരദ് ജാധവ് എന്ന യുവാവാണ് കൊല്ലപ്പട്ടത്. ഇന്നലെയായിരുന്നു മസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. അമ്മയുടെ സഹോദരന്റെ വീട്ടിലെത്തിയ നാരദ് ജാധവ് കുഴല്‍കിണറിന്റെ പൈപ്പ് മാറ്റി സ്ഥാപിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇത് കണ്ട് സ്ഥലത്തെത്തിയ സര്‍പഞ്ചും കുടുംബവും ചേര്‍ന്ന് നാരദ് ജാധവുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് ഇവര്‍ നാരദ് ജാധവിനെ വലിയ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
സര്‍പഞ്ചിന്റെ കുടുംബവും നാരദിന്റെ കുടുംബവും തമ്മില്‍ കാലങ്ങളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാരദ് ജാധവിന്റെയും സര്‍പഞ്ചിന്റെയും അമ്മാവന്‍മാര്‍ ചേര്‍ന്ന് കുഴല്‍കിണറിന് പണം നല്‍കിയിരുന്നു. ജാധവ് കുടുംബം തങ്ങളുടെ ഭൂമിയിലെ കാര്‍ഷികാവശ്യങ്ങള്‍ക്കായും മറ്റുമാണ് വെള്ളം ഉപയോഗിച്ചിരുന്നത് .എന്നാല്‍ സര്‍പഞ്ചിന്റെ കുടുംബം ജാധവിന്റെ ഭൂമിയില്‍ നിന്നും അനധികൃതമായി അവരറിയാതെ തങ്ങളുടെ ഹോട്ടല്‍ ആവശ്യങ്ങള്‍ക്ക് വെള്ളം എടുക്കുകയായിരുന്നു. അതിനായി പുതിയ പൈപ്പ് സ്ഥാപിച്ചതായും പോലിസ് കണ്ടെത്തി.
ആളുകള്‍ മാറി മാറി ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോെട, വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ഭരണത്തിന് കീഴില്‍ ദലിതുകള്‍ക്ക് ജീവിക്കാനുള്ള അവകാശം പോലുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശം.സംഭവം വിവാദമായതോടെ പോലിസ് പ്രതികളായ 8 പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.