സ്കൂൾ വാർഷികാഘോഷത്തിനെത്തിയ ദലിത് യുവാവിനെ ജാതി അധിക്ഷേപം നടത്തി മർദിച്ചു

Update: 2024-03-26 10:22 GMT

തിരുപ്പൂര്‍: പഠിച്ച സ്‌കൂളില്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനത്തിയ ദലിത് യുവാവിനെ കൂട്ടം ചേര്‍ന്ന് ജാതി അധിക്ഷേപം നടത്തി മര്‍ദിച്ചു. 19 കാരനായ എസ് ശ്യാം കുമാറിനെയാണ് സഹപാഠിയും ബന്ധുവും ചേര്‍ന്ന് മര്‍ദിച്ചത്. തിരുപ്പൂരിനടുത്ത് അമരവതിപാളയത്ത് യുവാവ് എട്ടാം ക്ലാസ് വരെ പഠിച്ച സ്‌കൂളിന് സമീപത്താണ് മര്‍ദനമുണ്ടായത്. ഗുരുതര പരിക്കേറ്റ ശ്യാമിനെ തിരിപ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമിന്റെ സഹപാഠി കാര്‍ത്തിക് (25), ബന്ധു ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെ നല്ലൂര്‍ പോലിസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ പട്ടികജാതിപട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം പകുതി ദിവസം അവധിയെടുത്താണ് സ്‌കൂളില്‍ വാര്‍ഷികോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്. സ്‌കൂള്‍ പരിസരത്ത് തന്നെ കണ്ട ബാലസുബ്രഹ്മണ്യത്തിന്റെ ബന്ധു കാര്‍ത്തിക്, തന്റെ സാന്നിധ്യം ചോദ്യം ചെയ്തു. ആഘോഷത്തില്‍ പങ്കെടുക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ജാതീയമായി അധിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ബാലസുബ്രഹ്മണ്യവുമായി വന്ന് ഇരുവരും നെഞ്ചിലും കഴുത്തിലും വയറ്റിലും ക്രൂരമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. തിരിച്ചുപോകാന്‍ വിസമ്മതിച്ചപ്പോള്‍ നിന്റെ സമുദായത്തില്‍പെട്ടവരാരും സ്‌കൂളിലോ പരിസരത്തോ വരാന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ വന്നാണ് രക്ഷിച്ചത്. ശ്യാം കൂട്ടിച്ചേര്‍ത്തു.

റിയല്‍ എസ്‌റ്റേറ്റ് പ്രമോഷന്‍ കമ്പനിയിലെ ജോലിക്കാരനാണ് ശ്യാം കുമാര്‍. ശ്യാമിന്റെ മാതാവ് ദിവസ വേതന ജീവനക്കാരിയും പിതാവ് കര്‍ഷകനുമാണ്. ഉടന്‍ അറസ്റ്റുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് അറസ്റ്റ് നീളുന്നതെന്നും നല്ലൂര്‍ മേഖല അസിസ്റ്റന്റ് കമ്മീഷണര്‍ കെ നന്ദിനി അറിയിച്ചു

Tags:    

Similar News