കുവൈത്ത് പൊതുമാപ്പ്: പ്രവാസികളില്‍ നിന്നുള്ള ഫീസ് എംബസി ഒഴിവാക്കണം-പി കെ കുഞ്ഞാലിക്കുട്ടി എംപി
ന്യൂഡല്‍ഹി: കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഇന്ത്യന്‍ എംബസി ഈടാക്കുന്ന പ്രത്യേക ഫീസ് ഒഴിവാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവര്‍ക്ക് അദ്ദേഹം കത്തയച്ചു. കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് നിരവധി പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ആ രാജ്യത്തെ വിസാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അവിടെ കഴിയേണ്ടി വന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ശിരായായ ജോലിയോ വേതനമോ ഇല്ലാതെ ജന്മദേശത്തേക്ക് വരാന്‍ കഴിയാതെ മറ്റൊരു രാജ്യത്ത്് കുടുങ്ങിയ പാവങ്ങളായ ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് വലിയ ആശ്വാസമാണ്. സൗജന്യ വിമാന ടിക്കറ്റും ഭക്ഷണവും താമസ സൗകര്യവുമടക്കമുള്ള സൗകര്യങ്ങളും പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് കുവൈത്ത് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഇന്ത്യന്‍ എംബസി ഫീസ് ഈടാക്കുന്നത് പൂര്‍ണമായും എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം ഒന്ന് മുതല്‍ 30വരെ പിഴ കൂടാതെ പൊതുമാപ്പ് പ്രയോജനപ്പെടത്താന്‍ സാധിക്കും.