പൊതുമാപ്പിനെ തുടര്‍ന്ന് കുവൈത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി
ഏപ്രില്‍ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈത്ത് സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രയോജനപ്പെടുത്തിയത്.
ന്യൂഡല്‍ഹി: പൊതുമാപ്പിനെ തുടര്‍ന്ന് കുവൈത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മലയാളിയായ ഗീത, ഷൈനി തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.
ഏപ്രില്‍ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈത്ത് സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രയോജനപ്പെടുത്തിയത്. എന്നാല്‍ ലോക്ക്‌ഡൌണിനെ തുടര്‍ന്ന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും പൊതുമാപ്പ് ആനുകൂലം പ്രയോജനപ്പെടുത്തിയവരെ നാട്ടിലെത്തിക്കാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ദുരിതം നിറഞ്ഞ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ കൊവിഡ് പടര്‍ന്നുപിടിക്കുന്നതുമൂലമുള്ള ഭീതിയും മറ്റുംമൂലം കടുത്ത മാനസിക പ്രശ്‌നത്തിലാണ് ഭൂരിഭാഗം പേരും. ഇവരനുഭവിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ കുവൈത്തിലെ സാമൂഹ്യപ്രവര്‍ത്തകനായ ബാബു ഫ്രാന്‍സിസ്, ഷൈനി ഫ്രാങ്ക് തുടങ്ങിയവര്‍ മുഖാന്തിരമാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്ലിനെ അറിയിക്കുന്നതും തുടര്‍ന്ന് ഹര്‍ജി നല്‍കിയതും.
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവന്‍ ആളുകളെയും സൗജന്യമായി ഇന്ത്യയില്‍ എത്തിക്കാമെന്ന് കുവൈത്ത് നേരത്തെ അറിയിച്ചെങ്കിലും അവരുടെ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇവരെയെല്ലാം അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കണമെന്നും കുറഞ്ഞപക്ഷം ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.