എന്‍ഡോസള്‍ഫാന്‍: മെഡിക്കല്‍ ക്യാംപിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം ആരംഭിക്കും

Update: 2022-12-01 04:16 GMT

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാംപിനുള്ള നടപടിക്രമങ്ങള്‍ ഡിസംബറില്‍ ആരംഭിക്കാന്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചെയര്‍മാനായ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ വീണാജോര്‍ജ്, ഡോ. ആര്‍ ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഔദ്യോഗിക അറിയിപ്പ് നല്‍കി ദുരിതബാധിതരില്‍ നിന്നും ലഭിക്കുന്ന അപേക്ഷ വിശദമായ പരിശോധനയ്ക്കുശേഷം 2023 ഫെബ്രുവരിയോടെ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പുരോഗമിക്കുന്ന അഡീഷനല്‍ ബ്ലോക്കിന്റെ പ്രവര്‍ത്തനം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തികരിക്കും.

കാത്ത് ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. മൂളിയാര്‍ റീഹാബിലിറ്റേഷന്‍ വില്ലേജ് ആദ്യഘട്ട പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കും. ദുരിതബാധിതര്‍ക്കായി നിര്‍മിച്ച വീടുകളില്‍ രണ്ടുമാസത്തിനകം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. മന്ത്രിമാര്‍ക്ക് പുറമേ വകുപ്പ് സെക്രട്ടറിമാര്‍, കാസര്‍കോട് ജില്ലാ കലക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News