എന്‍ഡോസള്‍ഫാന്‍ ദുരിതം ഒഴിയുന്നില്ല; കാസര്‍കോട്ട് ഒരു പിഞ്ചുകുഞ്ഞ്കൂടി കൊല്ലപ്പെട്ടു

ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം

Update: 2022-02-01 14:06 GMT

കാസര്‍കോട്ട്: എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഇരയായി ഒരു പിഞ്ചുകുഞ്ഞ്കൂടി കൊല്ലപ്പെട്ടു. എന്‍ഡോ സള്‍ഫാന്‍ ദുരിത മഴപെയ്ത കുമ്പടാജെ പഞ്ചയത്തിലെ പെരിഞ്ചയിലുള്ള മൊഗേര്‍ എന്ന ആദിവാസി കോളനിയിലെ മോഹനന്‍-ഉഷ ദമ്പതികളുടെ മൂന്നാമത്ത കുഞ്ഞായ ഹര്‍ഷിത മോള്‍ (ഒന്നര)യാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. പിറന്നപ്പഴേ തല വലുതായിരുന്നു.

ശരീരത്തിന് പിന്നില്‍ മുഴയുമുണ്ടായിരുന്നു. ചലന ശേഷിയോ മിണ്ടാട്ടമോ ഉണ്ടായിരുന്നില്ല. ജില്ലയിലെ ആശുപത്രികളില്‍ പല തവണ പ്രവേശിപ്പിച്ചിരുന്നു. ഒരു പ്രാവശ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. അന്ന് 16 ദിവസത്തോളം ഇവിടെ ചികില്‍സയില്‍ കഴിഞ്ഞു. ഇന്നലെ രാവിലെ അബോധാവസ്ഥയിലായ കുട്ടിയെ ആദ്യം കാസര്‍കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മോഹനന്‍-ഉഷ ദമ്പതികളുടെ ആദ്യ രണ്ടു കുഞ്ഞുങ്ങള്‍ക്കും സംസാര വൈകല്യമുണ്ട്.

ഡിസംബര്‍ അവസാന വാരത്തിലും എന്‍ഡോസള്‍ഫാന്റെ ഇരയായി കാസര്‍കോട്ട് രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. അമ്പലത്തറ മുക്കുഴിയിലെ ദളിത് കുടുംബത്തിലെ മനു സുമിത്ര ദമ്പതികളുടെ മകള്‍ അമേയ(5)യും കാഞ്ഞങ്ങാട് അജാനൂരിലെ മൊയ്തുവിന്റേയും മിസ്രിയയുടെയും മകന്‍ മുഹമ്മദ് ഇസ്മായിലു(11)മാണ് മരിച്ചത്. തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ വിദഗ്ധ ചികിസയിലിരിക്കേയാണ് അമേയയുടെ മരണം. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

Tags:    

Similar News