എഡിഎം സിപിഎം പീഡനത്തിന്റെ ഇര; എല്ലാത്തിനും പിന്നില്‍ പി ശശി: പി വി അന്‍വര്‍ എംഎല്‍എ
വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അന്‍വര്‍ പറഞ്ഞു
പാലക്കാട്: എഡിഎം സിപിഎം പീഡനത്തിന്റെ ഇരയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ.എഡിഎമ്മിന്റെ മരണത്തില്‍ ഉന്നതരായ ചിലര്‍ക്ക് പങ്കുണ്ടെന്നും അന്‍വര്‍ പറഞ്ഞു. നവീന്‍ ബാനുവിനെതിരേയുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം വെറുതെയായിരുന്നില്ലെന്നും അതിന് പിറകില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പങ്കുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.കേരളത്തിലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പല പെട്രോല്‍ പമ്പിലും ബന്ധമുണ്ട്. അയാളുടെ ബിനാമിയാണ് ദിവ്യയുടെ ഭര്‍ത്താവ്. തനിക്ക് കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നു പറഞ്ഞതാണ് നവീന്‍ ബാബു സ്വന്തം നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. ശശിയാണ് ഇതിനൊക്കെ പിന്നില്‍. ശശി കൊടുത്ത പണിയാണ് ഇതൊക്കെ. കള്ള പരാതി ഉണ്ടാക്കാന്‍ ശ്രമിച്ചത് പി ശശിയാണെന്നും അന്‍വര്‍ പറഞ്ഞു.
ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെ നാടിന്റെ ഗുണ്ടാതലവനായി കൊണ്ടു നടക്കുന്നത് സിപിഎം എന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയാണെന്നും ശശിയുടെ താല്‍പ്പര്യങ്ങള്‍ നടക്കാതെ വന്നതാണ് നവീന്‍ ബാബുവിനെതിരേ ഉള്ള പ്രവൃത്തികള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം വിഷയത്തില്‍ അറിയേണ്ടതുണ്ടെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ ഉദ്ദേശം നല്ലതായിരുന്നെന്ന് വഴിയെ എല്ലാവര്‍ക്കും ബോധ്യപ്പെടും എന്നും അന്‍വര്‍ കൂട്ടിചേര്‍ത്തു.