പുതുജീവന്‍ പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ; 33 മരണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് എഡിഎം
മരണകാരണം കണ്ടെത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ പരിശോധന വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചികില്‍സയിലെ പിഴവാണോ മരുന്നിന്റെ അമിത ഉപയോഗമാണോ 33 രോഗികളുടെ മരണത്തിന് കാരണമായതെന്നു കണ്ടെത്തുന്നതിനാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ പരിശോധന ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ മാനസിക ചികില്‍സാകേന്ദ്രം പ്രവര്‍ത്തിക്കുന്നത് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ലാതെയെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ (എഡിഎം) കണ്ടെത്തല്‍. 2016 മുതല്‍ 2021 വരെ പ്രവര്‍ത്തിക്കുന്നതിന് അതോറിറ്റി അനുമതി നല്‍കിയിരുന്നു. സ്ഥാപനത്തിനെതിരേ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2019 ല്‍ അനുമതി റദ്ദാക്കിയിരുന്നു. എന്നാല്‍, പഴയ അനുമതിയുടെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചാണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതുസംബന്ധിച്ച ഗൗരവമായ കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപോര്‍ട്ട് എഡിഎം അനില്‍ ഉമ്മന്‍ കലക്ടര്‍ പി കെ സുധീര്‍ ബാബുവിനു കൈമാറി.
ഇത് പരിശോധിച്ചശേഷം കലക്ടര്‍ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറും. സ്ഥാപനത്തില്‍ എട്ടുവര്‍ഷത്തിനിടെ 33 പേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എഡിഎം ശുപാര്‍ശ ചെയ്തിട്ടുണ്ട്. മരണകാരണം കണ്ടെത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ പരിശോധന വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചികില്‍സയിലെ പിഴവാണോ മരുന്നിന്റെ അമിത ഉപയോഗമാണോ 33 രോഗികളുടെ മരണത്തിന് കാരണമായതെന്നു കണ്ടെത്തുന്നതിനാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ പരിശോധന ശുപാര്‍ശ ചെയ്തിരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് അന്തേവാസികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത്. മാലിന്യസംസ്‌കരണത്തിന് സൗകര്യമില്ല.
മലിനജലം കേന്ദ്രത്തില്‍ കെട്ടിക്കിടക്കുകയാണ്. സ്ഥാപനത്തിന്റെ ലൈസന്‍സ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിശദാംശങ്ങളും സ്ഥാപനത്തിനെതിരേ ഉയര്‍ന്ന പ്രദേശവാസികളുടെ പരാതികളും അന്വേഷണ റിപോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എഡിഎമ്മിന്റെ റിപോര്‍ട്ടില്‍ എന്ത് നടപടി വേണമെന്ന് ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. അതേസമയം, സ്ഥാപനം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ പായിപ്പാട് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ആശുപത്രി ഡയറക്ടര്‍ വി സി ജോസഫിനോട് തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാവണമെന്ന് പായിപ്പാട് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെട്ടിടനിര്‍മാണം ക്രമവല്‍ക്കരണം സംബന്ധിച്ച് വി സി ജോസഫിന്റെ വാദം കേള്‍ക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതുജീവന്‍ മാനസിക ചികില്‍സാ കേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നുപേര്‍ മരിക്കാനിടയായ പശ്ചാത്തലത്തിലാണ് എഡിഎമ്മിന്റെ അന്വേഷണമുണ്ടായത്. സ്ഥാപനത്തിനെതിരേ പരാതിയുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തുകയും മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.