ഇഞ്ചുറി ടൈമില്‍ എന്‍ഡ്രിക്കിന്റെ ഗോള്‍; മെക്‌സിക്കോയ്‌ക്കെതിരേ ബ്രസീലിന് ജയം; പോര്‍ച്ചുഗലിന് തോല്‍വി

Update: 2024-06-09 06:40 GMT

സാവോപോളോ: അവസാന 20 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും കൗമാര താരം എന്‍ഡ്രിക് രക്ഷകനായെത്തിയതോടെ മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍. ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റില്‍ വലകുലുക്കി എന്‍ഡ്രിക് മാച്ച് വിന്നറായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്രസീലിന്റെ ജയം.

ഇഞ്ചുറി ടൈമിലായിരുന്നു ഗില്ലെര്‍മോ മാര്‍ട്ടിനസ് അയാലയിലൂടെ മെക്‌സിക്കോ സമനില പിടിച്ചത്. കോര്‍ണറില്‍ നിന്ന് ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള മെക്‌സിക്കോയുടെ ശ്രമം ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍ തടഞ്ഞു. എന്നാല്‍ റീബൗണ്ട് പിടിച്ചെടുത്ത് ഇടംകാലുകൊണ്ട് അയാല പന്ത് വലയിലാക്കി. ഇതോടെ ബ്രസീല്‍ സമനില പൂട്ടില്‍ കുരുങ്ങിയെന്ന് തോന്നല്‍ വന്നു. എന്നാല്‍ ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടി എന്‍ഡ്രിക് വിജയ വഴിയിലേക്ക് ബ്രസീലിനെ എത്തിച്ചു.ആന്‍ഡ്രിയാസ് പെരേരാ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരാണ് ബ്രസീലിന്റെ മറ്റ് സ്‌കോറര്‍മാര്‍.

മറ്റൊരു സൗഹൃദമല്‍സരത്തില്‍ പോര്‍ച്ചുഗലിനെ ക്രൊയേഷ്യ 2-1ന് പരാജയപ്പെടുത്തി. മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങിയിരുന്നില്ല.






Tags:    

Similar News