കോപ്പയില്‍ പരാഗ്വെയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍

Update: 2024-06-29 03:52 GMT

ലാസ് വെഗാസ്: വിമര്‍ശകരുടെ വായടപ്പിച്ച് കോപ്പ അമേരിക്കയില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടി. ഗ്രൂപ്പ് ഡിയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. ഒരു ജയവും സമനിലയുമടക്കം നാല് പോയന്റാണ് ടീമിന്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

 ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്രസീല്‍ തുടക്കം മുതല്‍ തന്നെ നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 35- ആം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടുന്നത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ സുന്ദര നീക്കങ്ങള്‍ക്കൊടുവില്‍ വിനീഷ്യസ് ജൂനിയര്‍ ലക്ഷ്യം കണ്ടു. പിന്നാലെ 43- ആം മിനിറ്റില്‍ സാവിന്യോയിലൂടെ രണ്ടാം ഗോളും. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് വീണ്ടും കാനറിപ്പട വല കുലുക്കി. ഇക്കുറിയും വിനീഷ്യസാണ് ഗോള്‍ നേടിയത്. അതോടെ ആദ്യ പകുതി മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ മുന്നിട്ടു നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരാഗ്വെയ് തിരിച്ചടിച്ചു. 48 മിനിറ്റില്‍ പ്രതിരോധതാരം അല്‍ഡറേറ്റയാണ് ബോക്‌സിന് പുറത്തുനിന്നുള്ള ഉഗ്രന്‍ ഷോട്ടിലൂടെ വല കുലുക്കിയത്. 65 മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ലൂക്കാസ് പക്വറ്റ മത്സരത്തില്‍ കാനറി പടയുടെ നാലാം ഗോളും നേടി. പരാഗ്വെയ്ക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ആയില്ല. 81- ആം മിനിറ്റില്‍ പരാഗ്വെയ് താരം ആന്‍ഡ്രെസ് കുബാസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറിന് അരികെയെത്തി.


Tags:    

Similar News