കോപ്പാ അമേരിക്ക; ഇന്‍ജുറി ടൈം ഗോളുമായി സുവാരസ്; ഷൂട്ടൗട്ടില്‍ കാനഡ വീണു; ഉറുഗ്വെയ്ക്ക് മൂന്നാം സ്ഥാനം
ഷാലറ്റ് (യുഎസ്എ): ഫൈനലിന്റെ ആവേശം നിറഞ്ഞ 'ലൂസേഴ്‌സ് ഫൈനല്‍' പോരാട്ടത്തില്‍ കാനഡയെ തോല്‍പ്പിച്ച് ഉറുഗ്വെയ്ക്ക് കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്ഥാനം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് ഉറുഗ്വെയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു വീതം ഗോളുകളുമായി സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
അവസാനനിമിഷം വരെ മുന്നില്‍നിന്ന കാനഡയെ രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ (90+2), സൂപ്പര്‍താരം ലൂയി സുവാരസിന്റെ ഗോളിലൂടെയാണ് ഉറുഗ്വെ സമനിലയില്‍ തളച്ചത്. ഷൂട്ടൗട്ടിലും സുവാരസ് ഗോള്‍ നേടി. അങ്ങനെ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടീമെന്ന പേരുകേട്ട ഉറുഗ്വെയ്ക്ക് മൂന്നാം സ്ഥാനവുമായി മടക്കം. കോണ്‍കകാഫ് മേഖലയില്‍ നിന്ന് അതിഥികളായെത്തിയ കാനഡയ്ക്കും മികച്ച പോരാട്ടം നടത്തിയതില്‍ അഭിമാനിക്കാം.
കിക്ക് ഓഫ് മുതല്‍ കാനഡയാണ് ആക്രമിച്ച് കളിച്ചതെങ്കിലും മത്സരത്തില്‍ ആദ്യ ഗോള്‍ ഉറുഗ്വെയുടെ വകയായിരുന്നു. കളിയുടെ എട്ടാം മിനിറ്റില്‍ കാനഡ താരം ലുക്ക് ഡി ഫൊഗെരൊല്ലസ് വഴങ്ങിയ ഫൗളില്‍ ലഭിച്ച കോര്‍ണറാണ് ഉറുഗ്വെ ഗോളാക്കി മാറ്റിയത്. സെബാസ്റ്റ്യന്‍ കാസെറസിന്റെ പാസ് റോഡ്രിഗോ ബെന്റാന്‍കുര്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. പിന്നീട് 18ാം മിനിറ്റില്‍ വീണ്ടും കിട്ടിയ സുവര്‍ണാവസരം, കാനഡ ഗോളി ഡെയ്ന്‍ ക്ലെയറുടെ കിടിലന്‍ സേവിലൂടെ ഉറുഗ്വെയ്ക്കു നഷ്ടമാകുകയായിരുന്നു.
അടുത്ത നാലുമിനിറ്റിലൂടെ തന്നെ സമനില ഗോള്‍ നേടി കാനഡ തിരിച്ചടിച്ചു. 22ാം മിനിറ്റില്‍ കോര്‍ണര്‍ ഫ്‌ളാഗില്‍ നിന്ന് ജേക്കബ് ഷഫല്‍ബര്‍ഗിന്റെ കിക്ക്, ഉറുഗ്വെ പ്രതിരോധനിരയെ മറികടന്നു. കാനഡ ഡിഫന്‍ഡര്‍ മോയ്സ് ബോംബിറ്റോയുടെ കിടിലന്‍ ഹെഡര്‍ റിവേഴ്‌സ് കിക്കിലൂടെ ഇസ്മയല്‍ കോള്‍ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോള്‍ അവസരങ്ങള്‍ കാനഡയ്ക്കു ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ഒന്നാം പകുതി 1-1.
രണ്ടാം പകുതിയിലും ആക്രമിച്ചു കളിക്കുന്ന കാനഡയെയാണ് കണ്ടത്. 80ാം മിനിറ്റില്‍ ജൊനാഥന്‍ ഡേവിഡിന്റെ ഗോളിലൂടെ കാനഡ മുന്നിലെത്തി. കോപ്പയിലെ അരങ്ങേറ്റ വര്‍ഷം തന്നെ മൂന്നാം സ്ഥാനവുമായി കാനഡ മടങ്ങുമെന്ന് പ്രതീക്ഷിച്ച നിമിഷങ്ങള്‍. എന്നാല്‍ കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ സൂപ്പര്‍ താരം ലൂയി സുവാരസ്, ഉറുഗ്വെയുടെ രക്ഷകനായി എത്തി. ജോസ് ഗിമെനെസിന്റെ കിടിലന്‍ പാസ്, സുവാരസ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുടങ്ങിയപ്പോള്‍ സ്‌കോര്‍ 2-2. ഷൂട്ടൗട്ടില്‍ രണ്ടവസരങ്ങള്‍ കാനഡ നഷ്ടപ്പെടുത്തിയതോടെ കണ്ണീരോടെ അവര്‍ക്ക് മടക്കം.