ആര്‍ടി ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യ: കൂട്ട സ്ഥലം മാറ്റത്തിന് ശുപാര്‍ശ

Update: 2022-04-12 02:37 GMT

മാനന്തവാടി: മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ കൂട്ട സ്ഥലം മാറ്റത്തിന് ശുപാര്‍ശ. ഓഫിസിലെ 11 പേരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണറുടെ നിര്‍ദേശം. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി.

മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സഹപ്രവര്‍ത്തകരുടെ മാനസിക പീഡനമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇത് തെളിയിക്കുന്ന സിന്ധുവിന്റെ ഡയറികുറിപ്പുകളും പോലിസ് കണ്ടെത്തി. ഇതോടെയാണ് ഗതാഗത വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരി നിര്‍ബന്ധിത അവധിയിലാണ്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

മാനന്തവാടി സബ് ആര്‍.ടി ഓഫിസിലെ മിക്ക ജീവനക്കാരും 8 വര്‍ഷത്തിലധികമായി ഇതേ ഓഫിസിലാണ് ജോലി ചെയ്യുന്നത്. ഇത് ഇനി അനുവദിക്കരുതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സിന്ധുവിന്റെ മരണത്തില്‍ നേരിട്ട് ആര്‍ക്കും പങ്കില്ലെങ്കിലും ഓഫിസില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News