കുടിയേറ്റ തൊഴിലാളികളുടെ താമസവും സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കണം: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രത്തിന്റെ നിര്‍ദേശം

സ്ഥിതിഗതികള്‍ അടിയന്തിരമായി അവലോകനം ചെയ്യാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Update: 2020-04-16 17:25 GMT

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും താമസവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

സ്ഥിതിഗതികള്‍ അടിയന്തിരമായി അവലോകനം ചെയ്യാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും നോഡല്‍ ഓഫിസര്‍മാരെ ഇതിനകം നിയമിച്ചിട്ടില്ലെങ്കില്‍ ഉടന്‍ നിയമിക്കണം. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ക്ഷേമ നടപടികളുടെ ഉത്തരവാദിത്തം മുനിസിപ്പല്‍ കമ്മീഷണര്‍മാരെ ഏല്‍പ്പിക്കണം. സംസ്ഥാനങ്ങള്‍ ജില്ല തിരിച്ച് കുടിയേറ്റ തൊഴിലാളികളുടെയും ഒറ്റപ്പെട്ടുപോയവരുടെയും കണക്കെടുപ്പ് നടത്തണം. അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതലയിലായിരിക്കണം ഓരോ ദുരിതാശ്വാസ ക്യാംപും. ലോക്ക്ഡൗണ്‍ കാലത്ത് കുടുങ്ങിയ എല്ലാവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കുന്നതിന് സന്നദ്ധ സംഘടനകളുടെയും സഹായവും സ്‌കൂള്‍ കുട്ടികള്‍ക്കു ഉച്ച ഭക്ഷണം നല്‍കുന്ന സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. ഒറ്റപ്പെട്ടു പോയ വ്യക്തികള്‍ക്ക് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കൗണ്‍സിലിങും നല്‍കാന്‍ നിര്‍ദേശമുണ്ട്. 

Tags:    

Similar News