എസ്ഥര്‍ ബെജ്‌റാനോ; യാത്രയായത് ഹോളോകാസ്റ്റിനെ അതിജീവിച്ച മനുഷ്യസ്‌നേഹിയായ സംഗീതജ്ഞ

ഫലസ്തീനികളോടുള്ള മനുഷ്യത്വരഹിതമായ നയങ്ങള്‍ക്കും യുദ്ധത്തിനും എതിരാണെന്ന് ഞാന്‍ എപ്പോഴും പറയുന്നു

Update: 2021-07-17 05:55 GMT

ഹാംബര്‍ഗ്: ഹിറ്റ്‌ലറുടെ ഓഷ്‌വിസ്റ്റിലെ ഉന്മൂലന ക്യാംപായ ഹോളോകാസ്റ്റില്‍ നിന്നും സംഗീതം കൊണ്ട് അതിജീവിച്ച എസ്ഥര്‍ ബെജറാനോ 96ാം വയസ്സില്‍ അന്തരിച്ചപ്പോള്‍ ലോകത്തിനു നഷ്ടമായത് ഫാഷിസത്തെയും സയണിയത്തെയും എതിര്‍ത്ത മനുഷ്യസ്‌നേഹിയെ കൂടിയാണ്. ജര്‍മ്മനി നഗരമായ ഹാംബര്‍ഗിലെ ഒരു ആശുപത്രിയിലായിരുന്നു 96കാരിയായ എസ്ഥറിന്റെ അന്ത്യം.


1924 ല്‍ തെക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ പട്ടണമായ സാര്‍ലൂയിസില്‍ ജനിച്ച എസ്ഥര്‍ ചെറുപ്പം മുതല്‍ തന്നെ സംഗീതം ഇഷ്ടപ്പെട്ടിരുന്നു. ഈ സംഗീതാഭിരുചിയാണ് പിന്നീട് ഹോളോകാസ്റ്റില്‍ വിഷവാതകം ശ്വസിച്ച് കൊല്ലപ്പെടുന്നതില്‍ നിന്നും അവരെ രക്ഷപ്പെടുത്തിയത്. 15 വയസ്സുള്ളപ്പോള്‍, ബെജറാനോയുടെ മാതാപിതാക്കള്‍ ഫലസ്‌തീനിലേക്കുള്ള കുടിയേറ്റത്തിന് തയ്യാറെടുക്കുന്നതിനായി അവളെ ഒരു സയണിസ്റ്റ് ക്യാംപിലേക്ക് അയച്ചു. എന്നാല്‍ 1941 ല്‍ ക്യാംപിലെ എല്ലാവരെയും ഹിറ്റ്‌ലറുടെ രഹസ്യപ്പോലിസ് അറസ്റ്റ് ചെയ്ത് ബെര്‍ലിനടുത്തുള്ള ഒരു പീഡന കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടെ എസ്ഥറിന്റെ സഹോദരിയെയും മാതാപിതാക്കളെയും നാസികള്‍ കൊന്നു. പതിനെട്ടാം വയസ്സില്‍ എസ്ഥറിനെ ഓഷ്‌വിസ്റ്റിലേക്ക് അയയ്ക്കുകയും കടുത്ത ജോലികള്‍ ചെയ്യേണ്ടുന്ന തൊഴില്‍പാളയത്തിലെ അടിമയാക്കുകയും ചെയ്തു. ഇവിടെയുണ്ടായിരുന്നവരെ ഹോളോകാസ്റ്റിലെ വിഷവാതക ചേംബറിലേക്ക് കൊന്നൊടുക്കാന്‍ കൊണ്ടുപോയിരുന്നു.


ഒരിക്കല്‍ പട്ടാളക്കാര്‍ ഓര്‍ക്കസ്ട്ര സംഘത്തിലേക്ക് ഒരു അക്രോഡിയനിസ്റ്റിനെ തിരയുന്നതായി എസ്ഥര്‍ അറിഞ്ഞു. അവള്‍ ആ ഉപകരണം സ്വമേധയാ പട്ടാളക്കാരെ വായിച്ചു കേള്‍പ്പിച്ചു. ഇതോടെ ഓഷ്‌വിറ്റ്‌സ് വിമന്‍സ് ഓര്‍ക്കസ്ട്രയിലെ അംഗമായി എസ്ഥറിനെ ഉള്‍പ്പെടുത്തി.


പീന്നീട് ഹിറ്റ്‌ലറുടെ കാലശേഷം എസ്ഥര്‍ ബെജറാനോ ഫലസ്തീനിലേക്ക് കുടിയേറി. എന്നാല്‍ ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ നയങ്ങളോടുള്ള അകല്‍ച്ച കാരണം അവര്‍ ജൂതരാജ്യം വിട്ട് ഒടുവില്‍ ജര്‍മ്മനിയിലേക്ക് മടങ്ങി. ഫലസ്തീനികളോട് ഇസ്രായേല്‍ കാണിക്കുന്ന മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച അപൂര്‍വ്വം ജൂതരില്‍ ഒരാളായിരുന്നു എസ്ഥര്‍. ഇസ്രായേല്‍ ഭരണകൂടത്തെ ഫാഷിസ്റ്റുകള്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചിരുന്നത്. വാര്‍ധക്യത്തിലും ജര്‍മ്മന്‍ ഹിപ് ഹോപ്പ് ഗ്രൂപ്പായ മൈക്രോഫോണ്‍ മാഫിയ ഉള്‍പ്പെടെയുള്ള സംഘങ്ങളോടൊപ്പം എസ്ഥര്‍ സംഗീത പരിപാടികള്‍ നടത്തിയിരുന്നു.


15 വര്‍ഷം ഇസ്രായേലില്‍ ജീവിച്ച എസ്ഥര്‍ ഇസ്രായേലിന്റെ നയങ്ങളുമായി യോജിച്ചുപോകാന്‍ കഴിയാത്തതിനാല്‍ അവിടെ നിന്നും നാടുവിടുകയായിരുന്നു. ഇതിനെ കുറിച്ച് അവര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു, ' എനിക്കും എന്റെ ഭര്‍ത്താവിനും ഇസ്രായേല്‍ രാഷ്ട്രത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. അതൊരു മഹാദുരന്തമായിരുന്നു, ഫലസ്തീനികളോട് ചെയ്ത ഭയാനകമായ കാര്യങ്ങളോട് ഞങ്ങള്‍ക്ക് യോജിക്കാത്തതിനാല്‍ ജീവിതം ദുഷ്‌കരമായിരുന്നു. ഇസ്രായേല്‍ അവര്‍ക്കെതിരെ പോരാടുന്നു, ഫലസ്തീനികളെ പുറത്താക്കുന്നു. ഞങ്ങള്‍ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. ഫലസ്തീനികളോടുള്ള മനുഷ്യത്വരഹിതമായ നയങ്ങള്‍ക്കും യുദ്ധത്തിനും എതിരാണെന്ന് ഞാന്‍ എപ്പോഴും പറയുന്നു.' മരണം വരെ ഇതേ നിലപാടില്‍ എസ്ഥര്‍ ബെജ്‌റാനോ ഉറച്ചുനില്‍ക്കുകയായിരുന്നു.




Tags:    

Similar News