ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അതിഷിയെയും മറ്റ് മുതിര്‍ന്ന എഎപി നേതാക്കളെയും വരും ദിവസങ്ങളില്‍ വ്യാജ കേസുകളില്‍ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നതായി എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ . തന്റെ പാര്‍ട്ടി പ്രഖ്യാപിച്ച മഹിളാ സമ്മാന്‍ യോജന, സഞ്ജീവനി യോജന എന്നിവയില്‍ രാഷ്ട്രീയ എതിരാളികള്‍ അസ്വസ്ഥരാണെന്ന് എഎപി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വ്യാജ പോലിസ് കേസിന്റെ പേരില്‍ മുഖ്യമന്ത്രി അതിഷിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
'മഹിളാ സമ്മാന്‍ യോജന, സഞ്ജീവനി യോജന എന്നിവയില്‍ ഈ ആളുകള്‍ വളരെ അസ്വസ്ഥരാണ്. കള്ളക്കേസുണ്ടാക്കി അടുത്ത ദിവസങ്ങളില്‍ അതിഷി ജിയെ അറസ്റ്റ് ചെയ്യാന്‍ അവര്‍ പദ്ധതിയിട്ടിട്ടുണ്ട്. അതിന് മുമ്പ് എഎപിയുടെ മുതിര്‍ന്ന നേതാക്കളില്‍ റെയ്ഡ് നടത്തും. ഇന്ന് 12 മണിക്ക് ഞാന്‍ ഇത് സംബന്ധിച്ച് പത്രസമ്മേളനം നടത്തും,' അദ്ദേഹം എക്സില്‍ എഴുതി.
മന്ത്രിമാരായ സൗരഭ് ഭരദ്വാജും ഇമ്രാന്‍ ഹുസൈനും ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ ചൊവ്വാഴ്ച ഷാപൂര്‍ ജാട്ടിലും ബല്ലിമാരനിലും മഹിളാ സമ്മാന്‍ യോജന, സഞ്ജീവനി യോജന പദ്ധതികള്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന പ്രകാരം, സര്‍ക്കാര്‍ ജോലി ഇല്ലാത്ത 18 വയസ്സിന് മുകളിലുള്ള ഡല്‍ഹി സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ അലവന്‍സിന് അര്‍ഹതയുണ്ട്. സഞ്ജീവനി യോജന' ഡല്‍ഹിയിലെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ആരോഗ്യപരിചരണം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്.