വഖ്ഫ് ചര്‍ച്ച; രാഹുലിന്റെയും പ്രിയങ്കയുടെയും അസാന്നിധ്യം വഞ്ചനയെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ
ന്യൂഡല്‍ഹി : രാജ്യത്തെയും മുസ്ലിം സമുദായത്തെയും സാരമായി ബാധിക്കുന്ന വഖ്ഫ് ഭേദഗതി ബില്ലിലെ ലോക്‌സഭ ചര്‍ച്ച വേളയില്‍ പങ്കെടുക്കാതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാടിനെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ കുറ്റപ്പെടുത്തി. ഇത്തരം ഒരു നിര്‍ണായക സാഹചര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയിലും, അവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളോടും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന തത്വങ്ങളോടും ഉള്ള അവരുടെ പ്രതിബദ്ധതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.
ചര്‍ച്ചാ വേളയില്‍ മാറി നില്‍ക്കുകയും വോട്ടിന്റെ സമയത്തു മാത്രം എത്തുകയും ചെയ്യുന്നത് വിഷയത്തോടുള്ള ആത്മാര്‍ത്ഥ എത്രത്തോളമുണ്ട് എന്ന് പ്രകടമാക്കുന്നതും മതേതര സമൂഹം വെച്ച് പുലര്‍ത്തുന്ന പ്രതീക്ഷകള്‍ തകര്‍ക്കുന്നതുമാണ്. മുസ്ലിം സമുദായം ഭൂരിപക്ഷമായ വയനാട് ലോക്‌സഭ മണ്ഡലം മുന്‍ എംപി എന്ന നിലയിലും ന്യൂനപക്ഷ അവകാശങ്ങളുടെ സ്വയം പ്രഖ്യാപിത സംരക്ഷകന്‍ എന്ന നിലയിലും രാഹുല്‍ ഗാന്ധി മുസ്ലിം സമുദായത്തെ വഞ്ചിച്ചിരിക്കുകയാണ്. ഇതിലൂടെ എന്ത് സന്ദേശമാണ് അദ്ദേഹം നല്‍കുന്നതെന്ന് തുംബെ ചോദിച്ചു.
ഇത് ബോധപൂര്‍വമായ വിട്ടു നില്‍ക്കലായിരുന്നോ അതോ ഉത്തരവാദിത്തത്തിലുള്ള ഗുരുതര വീഴ്ചയായിരുന്നോ എന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ച കോടിക്കണക്കിനു മുസ്ലിംകളോട് മറുപടി പറയേണ്ടതുണ്ട്.സമാനമാണ് ലോക്‌സഭയിലെ നിര്‍ണ്ണായക ചര്‍ച്ചയിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യവും.
വയനാട്ടില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപി എന്ന നിലയില്‍, ജനസംഖ്യയുടെ പകുതിയോളം മുസ്ലിംകള്‍ അധിവസിക്കുന്ന തന്റെ മണ്ഡലത്തിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിലെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവര്‍ പരാജയപ്പെട്ടത് ന്യായീകരിക്കാനാവാത്തതാണ്. തന്നെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ആത്മാര്‍ത്ഥത പ്രകടിപ്പിക്കാനും ലോക്‌സഭയില്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും പ്രിയങ്കയ്ക്ക് ലഭിച്ച അവസരമായിരുന്നു ഇത്. പകരം, അവര്‍ ഹാജരാകാത്തത് വെല്ലുവിളി നിറഞ്ഞ വിഷയങ്ങളെ നേരിടാനുള്ള അവരുടെ സന്നദ്ധതയെ സംശയിക്കുന്നു. പ്രിയങ്കയുടെ അസാന്നിധ്യം അവരുടെ തയ്യാറെടുപ്പിന്റെ അഭാവത്തെയാണോ അതോ അത്തരം ആഴത്തിലുള്ള പ്രത്യാഘാതങ്ങളുള്ള കാര്യങ്ങളില്‍ ഇടപെടാനുള്ള വിമുഖതയെയാണോ സൂചിപ്പിക്കുന്നത്?
വഖഫ് ഭേദഗതിബില്‍ ഒരു നിസ്സാര നിയമനിര്‍മ്മാണമല്ല, അത് ഇന്ത്യയിലെ 20 കോടിയിലധികം വരുന്ന മുസ്ലിംകളുടെ അവകാശങ്ങളെയും പൈതൃകത്തെയും ക്ഷേമത്തെയും ബാധിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതരായ നേതാക്കള്‍ പാര്‍ലമെന്റില്‍ തങ്ങളുടെ നിലപാട് പറയാന്‍ തയ്യാറാകാതിരുന്നതിലൂടെ ബില്ലിനോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് പൊള്ളയായി മാറി.
ചര്‍ച്ചയിലെ രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും അഭാവവും വോട്ടിനായി രാഹുല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് പോലുള്ള കാര്യങ്ങളും രാഷ്ട്രീയ അവസരവാദത്തിന്റെയും ഗൗരവമില്ലായ്മയുടെയും ഭാഗമാണ്. അത് അവരുടെ പാര്‍ട്ടി അനുയായികളെ തന്നെ നിരാശരാക്കുകയും എതിരാളികള്‍ക്ക് കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്തു.രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ത്യയിലെ ജനങ്ങളോട്, പ്രത്യേകിച്ച് അവരെ തെരഞ്ഞെടുത്ത മണ്ഡലത്തിലെ വോട്ടര്‍മാരോട് പാര്‍ലമെന്റിലെ ചര്‍ച്ചാ വേളയിലെ വരുടെ അസാന്നിധ്യത്തെ പറ്റി വിശദീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. നിശബ്ദത ഒരു പരിഹാരമല്ല. ഉത്തരവാദിത്തത്തെക്കുറിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. അതില്‍ വ്യക്തത നല്‍കുന്നതുവരെ, ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവരുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലില്‍ തുടരും.
ഇന്ത്യന്‍ ജനതക്ക് ഇപ്പോള്‍ ആവശ്യം അവരുടെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി എഴുന്നേറ്റ് നില്‍ക്കാനും സംസാരിക്കാനും കഴിയുന്ന നേതാക്കളെയാണ്. പക്ഷേ അധികാരം ഏല്‍പ്പിക്കപ്പെട്ടവര്‍ ഉത്തരവാദിത്ത നിര്‍വഹണത്തിന് പകരം സ്വന്തം സൗകര്യം തിരഞ്ഞെടുക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് ലോക്‌സഭയില്‍ കണ്ടത്.