സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി 'ഇടിആര്‍5'

Update: 2022-07-05 00:53 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കുന്നതിന് ഇനി ഇടിആര്‍5 (eTR5). നേരത്തെയുള്ള പേപ്പര്‍ TR5നു പകരമായാണു പുതിയ ഇലക്‌ട്രോണിക് റെസിപ്റ്റ് സംവിധാനം. സംസ്ഥാന സര്‍ക്കാരിലേക്കുള്ള വരവുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നല്‍കിയ ഇട്രഷറിയില്‍ പുതുതായി ഉള്‍പ്പെടുത്തി eTR5 മൊഡ്യൂള്‍ വഴിയാണു ഇലക്‌ട്രോണിക് TR5 പ്രവര്‍ത്തിക്കുന്നത്.

ഓഫിസ് ജീവനക്കാര്‍ക്ക് കംപ്യൂട്ടര്‍ വഴിയും ഫീല്‍ഡ് ജീവനക്കാര്‍ക്ക് മൊബൈല്‍ഫോണ്‍ വഴിയും ഇതു പ്രവര്‍ത്തിപ്പിക്കാം. ഇടപാടുകള്‍ അന്നന്നുതന്നെ റീകണ്‍സിലിയേഷന്‍ നടത്താനാവും. ഓഫിസുകളില്‍ സ്വീകരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ മേലധികാരികള്‍ക്ക് ഏതുസമയവും പരിശോധിക്കാനാവുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുള്ള നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് eTR5 അടക്കമുള്ള നൂതനസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ട്രഷറി സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി വരുന്ന ആഗസ്ത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ബയോമെട്രിക് ഒതന്റിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ട്രഷറിയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനു നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ട്രഷറി സെര്‍വറിന്റെ ശേഷി വര്‍ധിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്. ഇത്തരം നടപടികളിലൂടെ പൊതുജനങ്ങള്‍ക്കു സര്‍ക്കാരുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വേഗതയും കൃത്യതയും ലഭ്യമാക്കാനാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിവാന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഫിനാന്‍സ് റിസോഴ്‌സസ് സെക്രട്ടറി കെ മുഹമ്മദ് വൈ സഫിറുല്ല, ട്രഷറി ഡയറക്ടര്‍ വി സാജന്‍, ചീഫ് കണ്‍ട്രോളര്‍ എം എസ് അജയകുമാര്‍, ജോയിന്റ് ഡയറക്ടര്‍ ജിജു പ്രിജിത്ത്, എന്‍ഐസി ടെക്‌നിക്കല്‍ ഓഫിസര്‍ അജിത് ബ്രഹ്മാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News