സാങ്കേതിക തകരാര്‍; സര്‍ക്കാര്‍ ഓഫിസുകളിലെ ബയോമെട്രിക് പഞ്ചിങ് ദൗത്യം പാളി

Update: 2023-01-03 05:52 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ ബയോമെട്രിക് പഞ്ചിങ് എല്ലായിടത്തും നടപ്പായില്ല. ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്തതാണ് കാരണം. സ്പാര്‍ക്കുമായി പഞ്ചിങ് സംവിധാനം ബന്ധിപ്പിക്കാന്‍ ഒരുമാസക്കാലം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതോടെ പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് സമയം നീട്ടി നല്‍കി സര്‍ക്കാര്‍.

ജനുവരി അവസാനം വരെ സമയം അനുവദിച്ചു. ഈ മാസത്തിനകം കലക്ടേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിങ് സംവിധാനം ഒരുക്കണം. പലയിടത്തും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലെ കാലതാമസമാണ് പഞ്ചിങ് നടപ്പാക്കാന്‍ തടസം. സംസ്ഥാനത്തെ ജില്ലാ കലക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഓഫിസുകളിലുമാണ് ബയോമെട്രിക് പഞ്ചിങ് സംവിധാനം ഇന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇത് പല ജില്ലകളിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഇന്ന് മുതല്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ന് മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് കര്‍ശനമാക്കാനാണ് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഇന്നു മുതല്‍ പഞ്ചിങ് നടപ്പാക്കാനായിരുന്നു ശ്രമം. ബയോ മെട്രിക് പഞ്ചിങ് ഇന്ന് തുടങ്ങാനായത് വിരലിലെണ്ണാവുന്ന ഓഫിസുകളില്‍ മാത്രമാണ്. എറണാകുളം കലക്ടറേറ്റില്‍ 16 ഡിവൈസുകളാണ് വേണ്ടിയിരുന്നത്. ഇവയുടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

തൃശൂര്‍ കലക്ടറേറ്റില്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് ഒരുമാസമെടുക്കുമെന്നാണ് വിശദീകരണം. മലപ്പുറം കളക്ട്രേറ്റില്‍ പഞ്ചിങ് മെഷീന്‍ ഇനിയുമെത്തിച്ചിട്ടില്ല. ഈ മാസം 10 ഓടെ നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് ഇവിടെ നിന്നുള്ള വിശദീകരണം. റവന്യൂ വകുപ്പിലെ 200ഓളം ജീവനക്കാര്‍ക്കാണ് അദ്യഘട്ടത്തില്‍ പഞ്ചിങ് നിലവില്‍ വരിക. വയനാട്ടിലും പഞ്ചിങ് നടപ്പായില്ല. മെഷീന്‍ എത്തിയില്ലെന്നതാണ് ഇവിടെയും പ്രശ്‌നം. ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് വിശദീകരണം. മാര്‍ച്ച് 31 ഓടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് സജ്ജമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Tags:    

Similar News