ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാധ്യത: ജില്ലാ ശുചിത്വ മിഷന്‍
തിരുവനന്തപുരം: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ ഫീ ഈടാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നും യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്നുള്ള വ്യാജപ്രചരണത്തില്‍ നിന്നും ജനങ്ങള്‍ പിന്‍മാറണമെന്നും ശുചിത്വ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍. കേന്ദ്രസര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളിലും, സ്ഥാപനങ്ങളിലും നല്‍കാന്‍ ബാധ്യസ്ഥരാണ്.
ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ബൈലോ നടപ്പാക്കിവരുന്നു. ഇതുപ്രകാരം വീടുകളിലും, സ്ഥാപനങ്ങളിലും ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ ഹരിതകര്‍മ സേനയ്ക്ക് നല്‍കി, നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കണം.
2020 ആഗസ്ത് 12ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യൂസര്‍ഫീ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും, കത്തിക്കുന്നവര്‍ക്കുമെതിരേ 10,000/ രൂപ മുതല്‍ 50,000/ രൂപ വരെ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും ശുചിത്വ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ അറിയിച്ചു.