മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസര്‍ ജി എന്‍ സായിബാബ ജയില്‍ മോചിതനായി. ജീവപര്യന്തം തടവിന് ശിക്ഷിച്ച സായിബാബയെ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് രണ്ട് ദിവസം മുമ്പ് കുറ്റവിമുക്തനാക്കിയിരുന്നു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് അദ്ദേഹം ജയില്‍ മോചിതനായത്. അപ്പീല്‍ സാധ്യത മുന്‍നിര്‍ത്തി 50,000 രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ തുക കെട്ടിവച്ചിട്ടും സായിബാബയുടെ മോചനം ജയില്‍ അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച ഇമെയില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മോചനം വൈകിപ്പിച്ചത്. വീല്‍ചെയറിലാണ് സായിബാബ ജയിലില്‍ നിന്ന് പുറത്തുവന്നത്. എന്റെ ആരോഗ്യം വളരെ മോശമാണ്. ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല. ആദ്യം ചികില്‍സ തേടണമെന്നും അതിനുശേഷമേ സംസാരിക്കാന്‍ കഴിയൂവെന്നും സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സായിബാബയെ കാത്ത് ജയിലിന് പുറത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു.