എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക സ്ഥാനക്കയറ്റം നല്‍കും
തിരുവനന്തപുരം: ഭരണപരമായ അടിയന്തിര സാഹചര്യം പരിഗണിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാര്‍ക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറായും, അസിസ്റ്റന്റ് എക്‌സൈസ് ഓഫിസര്‍മാര്‍ക്ക് എക്‌സൈസ് ഇസ്‌പെക്ടറായുമാണ് പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കുക.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ പ്രൊമോഷന്‍ നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ 150 ഓളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നതിനാലാണ് അടിയന്തിര സാഹചര്യം പരിഗണിച്ചുള്ള നടപടി. ഒഴിവുളള എല്ലാ തസ്തികകളിലും അടിയന്തിരമായി നിയമനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ അനുമതിയോടെ മന്ത്രി എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവിലെ സീനിയോറിറ്റി പട്ടിക പരിഗണിച്ച് ക്രമം പാലിച്ച് യോഗ്യരായവരെയാകും നിയമിക്കുക. ഇതുവഴി 150 ഓളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ താത്കാലികമായി നികത്തും. ഇതോടെ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിനും, പുതിയതായി റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായി നിയമനം ലഭിക്കുന്നതിനും സാഹചര്യമൊരുങ്ങും.
ഇത്തരത്തില്‍ നിയമിതരാകുന്നവര്‍ക്ക് പ്രമോഷന്‍ തസ്തികയില്‍ സീനിയോറിറ്റി, പ്രൊബേഷന്‍, ഭാവിയില്‍ ഇതേ തസ്തികയിലേക്കുള്ള റഗുലര്‍ പ്രമോഷന്‍ എന്നിവയ്ക്ക് അവകാശവാദം ഉന്നയിക്കാനാവില്ല. സീനിയോറിറ്റി സംബന്ധമായ തര്‍ക്കം മൂലം ദീര്‍ഘകാലമായി പ്രൊമോഷനുകള്‍ നടന്നിരുന്നില്ല. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായത്.