മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ചാവശ്ശേരി കാശിമുക്ക് നെല്ലിയാട്ട് അമ്പലത്തിന് സമീപം വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണപ്പെട്ട അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ എണ്ണം രണ്ടായി. അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകന്‍ ഷഹിദുല്‍ (22) എന്നിവരാണു മരിച്ചത്. ചന്ദ്രോത് ഹൗസില്‍ രഞ്ജിത്ത് നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള വീടാണിത്. വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. ചാവശ്ശേരി കാശിമുക്കില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നവര്‍ താമസിക്കുന്ന വീടാണിത്.
ബുധനാഴ്ച വൈകുന്നേരം ആറോടെ 19ാം മൈല്‍ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപത്തെ ഓടുമേഞ്ഞ ഇരുനില വീടിനുള്ളിലാണ് സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീടിന്റെ രണ്ടാംനിലയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ വീടിന്റെ വരാന്തയിലും കാണപ്പെടുകയായിരുന്നു. ഇയാളെ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.
വീടുകളില്‍നിന്നും മറ്റും ആക്രിസാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. നാലുപേരാണ് വീട് വാടകയ്‌ക്കെടുത്ത് താമസിച്ചുവരുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ രണ്ടുപേര്‍ മാത്രമാണുണ്ടായിരുന്നത്. സംഭവമറിഞ്ഞ് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. വിശദമായ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.