ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേര്‍ക്കെതിരേ കേസ്, ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

Update: 2024-05-13 05:57 GMT

കോഴിക്കോട്: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്ത് പോലിസ്. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ് 3, 5 വകുപ്പുകള്‍ പ്രകാരം ആണ് കേസ്. വിശദാംശങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. പുലര്‍ച്ചെ ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്‌ഫോടക വസ്തുക്കള്‍ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചുവരുകയാണ്.

അതേസമയം രാത്രി തന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് ഹരിഹരന്റെ ആരോപണം. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരന്‍ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്‌ട്രേഷനിലുള്ളതാണെന്നും എന്നാല്‍ ഈ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരന്‍ പറയുന്നത്. മാപ്പ് പറഞ്ഞാല്‍ തീരില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് ആക്രമണമെന്നും ഹരിഹരന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി 8:15ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയി. പോലിസ് ഉടനെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തു എറിഞ്ഞവര്‍ പിന്നീട് വന്ന് അവശിഷ്ടങ്ങള്‍ വാരിക്കൊണ്ടുപോയെന്നും ഹരിഹരന്‍ പറഞ്ഞു. അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പോലിസ് കേസെടുത്തിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, സിപിഎം നേതാവ് കെകെ ശൈലജ എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് ഏറെ വിവാദമായത്. സിപിഎം, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകള്‍ ഹരിഹരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രൂക്ഷ വിമര്‍ശനവുമായി സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി.

Tags:    

Similar News