പൂരം നടത്തുമെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രിയെയും കേരള സര്‍ക്കാരിനെയും അനുമോദിച്ച് തൃശൂരില്‍ വ്യാപക പ്രചാരണം
തൃശൂര്‍: എന്തുവന്നാലും തൃശൂര്‍ പൂരം നടത്തുമെന്നും അതിനുള്ള തടസ്സങ്ങള്‍ നീക്കുമെന്നും പ്രഖ്യാപിച്ച് രംഗത്തുവന്ന കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനെയും കേരള സര്‍ക്കാരിനെയും അനുമോദിച്ച് തൃശൂരില്‍ വ്യാപക പ്രചാരണം. 'തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്തും. അതിനുവേണ്ടി തൃശൂര്‍ക്കാരോടൊപ്പം നില്‍ക്കുന്ന തൃശൂരിന്റെ സ്വന്തം മന്ത്രി വി എസ് സുനില്‍കുമാറിനും കേരള സര്‍ക്കാരിനും അഭിവാദ്യങ്ങള്‍' എന്നാണ് നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകളിലൊന്നില്‍ എഴുതിയിരിക്കുന്നത്. പൂരം സാംസ്‌കാരിക വേദിയുടെ പേരിലാണ് പോസ്റ്ററുകളും ബോര്‍ഡുകളും പതിച്ചിരിക്കുന്നത്.
നഗരത്തില്‍ വിവിധയിടങ്ങളിലായി ഇത്തരത്തിലുള്ള നിരവധി ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ ചിത്രവും പൂരത്തിന്റെ ദൃശ്യവും ഉല്‍പ്പെടുത്തിയാണ് ബോര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സുനില്‍ കുമാറിനു പുറമെ കേരള സര്‍ക്കാരിനെയും അനുമോദിച്ചിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സുനില്‍കുമാറും കേരള സര്‍ക്കാരും വിഷയത്തില്‍ ഉരുണ്ടുകളിക്കുന്നത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന കുംഭമേള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത കൊവിഡ് വ്യാപനത്തിന് കാരണമായിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പേരില്‍ പൂരം നടത്തുന്നത് നിരോധിച്ചാല്‍ ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാവുമോയെന്ന് ഭയന്നാണ് സംസ്ഥാനസര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടക്കാത്തതെന്നാണ് സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം.