ഗ്യാന്‍വാപി കേസിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പ്രഫ. രത്തന്‍ ലാലിന് ജാമ്യം
ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വ നീക്കത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാല പ്രഫസറും ആക്ടിവിസ്റ്റുമായ രത്തന്‍ ലാലിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി സര്‍വ്വകലാശാലയിലെ ഹിന്ദു കോളജിലെ പ്രഫസറായ രത്തന്‍ ലാലിനെ ഇന്നലെ രാത്രിയാണ് പോലിസ് അറസ്റ്റ് ചെയ്തത്. രത്തന്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് പരാതി നല്‍കിയത്.
നോര്‍ത്ത് ഡല്‍ഹി സൈബര്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ലാലിനെ അറസ്റ്റ് ചെയ്തത്. വൈകീട്ടാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരായത്. കോടതി കയ്യോടെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
ലാലിനെ 14 ദിവസം റിമാന്‍ഡ് ചെയ്യണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. അദ്ദേഹത്തിനെതിരേ ആറ് പരാതികളാണ് ഉള്ളതെന്നും പോലിസ് പറഞ്ഞു.
ഇതുപോലൊരു വിദ്യാസമ്പന്നനായ ആളില്‍നിന്ന് ഇതുപോലെ ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ലെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. യുട്യൂബ് വീഡിയോയില്‍ അദ്ദേഹം പോസ്റ്റിനെ ന്യായീകരിച്ചെന്നും പോലിസ് ആരോപിച്ചു.
ലാലിന്റെ അറസ്റ്റ് നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇങ്ങനെപ്പോയാല്‍ നമ്മുടെ ജയിലുകള്‍ ബുദ്ധിജീവികളെക്കൊണ്ട് നിറയും. അറസ്റ്റിന്റെ പേരില്‍ പോലിസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രഫസര്‍ക്കെതിരേ മറ്റു ചില കേസുകള്‍കൂടെയുണ്ടെന്ന് പോലിസും അവകാശപ്പെട്ടു.
പ്രഫ. ലാലിന്റെ അറസ്റ്റിനെതിരേ അര്‍ധരാത്രിമുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.