ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളി അലഹാബാദ് ഹൈക്കോടതി; പള്ളി സമുച്ചയത്തിലെ പൂജ തുടരാം
ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദുമതാരാധനയ്ക്ക് അനുമതി നല്‍കിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പള്ളിക്കമ്മറ്റിയുടെ ഹരജിയിലാണ് അലഹാബാദ് ഹൈക്കോടതി വിധി പറഞ്ഞത്. ജനുവരി 31നാണ് ഗ്യാന്‍വാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.
മുത്തച്ഛന്‍ സോമനാഥ് വ്യാസ് 1993 ഡിസംബര്‍ വരെ അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് ശൈലേന്ദ്ര കുമാര്‍ പാഠക് എന്ന വ്യക്തി നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പാരമ്പര്യമായി പൂജ ചെയ്തുവരുന്ന തന്നെ തെഹ്ഖാനയ്ക്കുള്ളില്‍ പ്രവേശിക്കാനും പൂജ തുടരാനും അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
ഗ്യാന്‍വാപിയെ കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകേയായിരുന്നു വാരാണി ജില്ലാകോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ഹരജിക്കാരന്‍ ഉന്നയിച്ച വാദം പള്ളി കമ്മിറ്റി നിഷേധിച്ചു. തെഹ്ഖാനയില്‍ വിഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ 1993 വരെ അവിടെ പ്രാര്‍ഥനകള്‍ നടത്തിയിരുന്നുവെന്നുള്ള വാദം തെറ്റാണെന്നുമായിരുന്നു കമ്മിറ്റിയുടെ നിലപാട്.