ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് കോടതി അനുമതി: സംസ്ഥാന വ്യാപകമായി എസ് ഡിപിഐ പ്രതിഷേധം
തിരുവനന്തപുരം: 'ഗ്യാന്‍വാപി മസ്ജിദ്: ബാബരി ആവര്‍ത്തിക്കരുത്, ആരാധനാലയ നിയമം നടപ്പാക്കുക' എന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാനവ്യാപകമായി മണ്ഡലംതലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. ബാബരി മസ്ജിദിന്റെ വഴിയേ ഗ്യാന്‍വാപി പള്ളിയും മുസ് ലിംകളില്‍ നിന്ന് തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധമുയര്‍ന്നു. സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് പ്രകടനത്തില്‍ പങ്കാളികളായത്. ബാബരി മസ്ജിദ് ധ്വംസനത്തിനു പിന്നാലെ രാജ്യത്തെ ആരാധാനാലയങ്ങള്‍ കൈക്കലാക്കാനുള്ള സംഘപരിവാര അജണ്ട മനസ്സിലാക്കി പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ നിയമം പോലും നോക്കുകുത്തിയാക്കുമ്പോള്‍ നീതിപീഠങ്ങള്‍ പോലും മൗനം പാലിക്കുകയാണ്. രാജ്യത്തെ മതേതര കക്ഷികള്‍ എന്നവകാശപ്പെടുന്നവരൊന്നും വിഷയത്തില്‍ ഒരുക്ഷരം മിണ്ടുന്നില്ല. ന്യൂനപക്ഷങ്ങളെ കൂടുതല്‍കൂടുതല്‍ അരക്ഷിതരാക്കുമ്പോഴും മതേതര ചേരി നിശബ്ദത പാലിക്കുന്നത് അപകടരമാണെന്നും പ്രതിഷേധക്കാര്‍ ഓര്‍മിപ്പിച്ചു. കണ്ണൂര്‍ അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ നടത്തിയ പ്രതിഷേധത്തിന് എസ് ഡിപിഐ ജില്ലാ സെക്രട്ടറി എ പി മുസ്തഫ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, അബ്ദുല്ല മന്ന, റഹീം പൊയ്ത്തുംകടവ്, ഷാഫി പാപ്പിനിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കപ്പാലത്ത് നിന്നാരംഭിച്ച പ്രകടനം ഹൈവേയില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് എം മുഹമ്മദലി, സെക്രട്ടറി ജാഫര്‍, ഇല്യാസ് സയ്യിദ് നഗര്‍ നേതൃത്വം നല്‍കി. കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴയങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ചൈനാക്ലേ റോഡില്‍ നിന്നാരംഭിച്ച പ്രകടനം പഴയങ്ങാടി ബസ് സ്റ്റാന്റില്‍ സമാപിച്ചു.
കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ദീന്‍, മണ്ഡലം കമ്മിറ്റി അംഗം എ മുനീര്‍, മാടായി പഞ്ചായത്ത് പ്രസിഡന്റ് വി റിയാസ്, സെക്രട്ടറി വി അല്‍ത്താഫ്, മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടറി കെ പി സുബൈര്‍, കല്ല്യാശ്ശേരി പഞ്ചായത്ത് സെക്രട്ടറി പി കെ ഫരീദ് നേതൃത്വം നല്‍കി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി കൂത്തുപറമ്പ് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പിലാക്കൂട്ടം പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മാറോളിഘട്ട് പരിസരത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സമീര്‍ പുല്ലൂക്കര, സെക്രട്ടറി മുഹമ്മദലി പുറക്കളം, കെ വി റഫീക്ക് കോട്ടയം പൊയില്‍, ഹാറൂണ്‍ കടവത്തൂര്‍ നേതൃത്വം നല്‍കി.
മലപ്പുറം തിരുരങ്ങാടി മണ്ഡലം കമ്മിറ്റി പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിനു സമീപത്തു നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മണ്ഡലം കമ്മിറ്റി അംഗം അക്ബര്‍ പരപ്പനങ്ങാടി വിഷയാവതരണം നടത്തി. മണ്ഡലം കമ്മിറ്റി അംഗം നൗഫല്‍ പരപ്പനങ്ങാടി, ഉമ്മര്‍ പരപ്പനങ്ങാടി സംസാരിച്ചു.