ഗ്യാന്‍വാപി മസ്ജിദ്: പൂജ തടയണമെന്ന ഹരജി സുപ്രിംകോടതി പരിഗിണിച്ചില്ല; അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

Update: 2024-02-01 09:32 GMT
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ നല്‍കാന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ അനുമതി തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയാണ് സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്. മസ്ജിദിന്റെ നിലവറയുടെ ഭാഗത്ത് ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയതിനെതിരേ മസ്ജിദ് കമ്മിറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. പൂജയ്ക്ക് ജില്ലാ കോടതി നല്‍കിയ അനുമതി സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. മസ്ജിദ് കമ്മിറ്റി ഉടന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കും. നിയമപോരാട്ടം തുടരുമെന്നും നീതി വേണമെന്നും മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് യാസീന്‍ പറഞ്ഞു.

    അതിനിടെ മസ്ജിദില്‍ മുദ്രവച്ച സ്ഥലത്ത് പൂജ നടത്താനുള്ള നടപടിക്രമങ്ങള്‍ ജില്ലാ ഭരണകൂട ആരംഭിച്ചു. പൂജ നടത്തുന്ന സ്ഥലം കമ്പിവേലി കെട്ടുന്ന പ്രവര്‍ത്തനം ഉള്‍പ്പെടെ നടക്കുന്നുണ്ട്. ഇതിനുശേഷമാവും പൂജ നടത്താന്‍ വ്യാസ് കുടുംബാംഗങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവുക. അതിനിടെ, ഇന്ന് രാവിലെ തന്നെ ഏതാനും പേരെത്തി മസ്ജിദില്‍ പൂജ നടത്തുകയും ചെയ്തു. ജില്ലാ കോടതി ജഡ്ജി ഡോ. അജയ കൃഷ്ണ വിശ്വേശ്വയാണ് പൂജ നടത്താന്‍ അനുമതി നല്‍കിയത്. പൂജ നടത്താന്‍ അനുമതി നല്‍കിയ നിലവറയുടെ റിസീവറായി ജില്ലാ മജിസ്‌ട്രേറ്റിനെ കഴിഞ്ഞമാസം 17നാണ് ജഡ്ജി നിയമിച്ചത്. ഇദ്ദേഹം വിരമിക്കുന്ന ദിവസമാണ് പൂജയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള വിധിപ്രസ്താവം നടത്തിയത്. അതിനിടെ, ഇന്നലെ രാത്രി പള്ളിക്ക് സമീപത്തെ സൂചനാ ബോര്‍ഡില്‍ മസ്ജിദ് എന്ന ഭാഗം മറച്ച് ക്ഷേത്രം എന്നാക്കി ഹിന്ദുത്വ വാദികള്‍ സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു. ഇത് നീക്കം ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല.

Tags:    

Similar News