'തേങ്ങ എങ്ങനെ ഉടക്കണമെന്നതില്‍ ഇടപെടാനാവില്ല'; പൂജാ ഹരജിയില്‍ സുപ്രിംകോടതി
തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
ന്യൂഡല്‍ഹി: ദൈനംദിന ക്ഷേത്രാചരങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളുമായി ബന്ധപ്പെട്ട ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വ്യവസ്ഥാപിതമായ ആചാരങ്ങളില്‍ ക്രമക്കേട് കണ്ടാല്‍ ഹര്‍ജിക്കാരന് കീഴ്‌ക്കോടതികളെ സമീപിക്കാവുന്നതാണ്.
അല്ലാതെ പൂജകള്‍ എങ്ങനെ നിര്‍വഹിക്കണം, എങ്ങനെ തേങ്ങയുടയ്ക്കണം എന്നൊന്നും കോടതിക്ക് പറയാനാവില്ല. ഭരണപരമായ കാര്യങ്ങളില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ കോടതികള്‍ക്ക് ഇടപെടാവുന്നതാണ്. ക്ഷേത്രത്തില്‍ ദര്‍ശനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കിലും കോടതികള്‍ക്ക് നിര്‍ദേശം നല്‍കാവുന്നതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.