കുട്ടികളെ വേണ്ടവര്‍ കടത്തികൊണ്ടു വരുന്ന കുട്ടികള്‍ക്കു പുറകെയല്ല പോകേണ്ടത്; കുട്ടികളെ കടത്തുന്നതിനെതിരേ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കോടതി

Update: 2025-04-15 07:56 GMT
കുട്ടികളെ വേണ്ടവര്‍ കടത്തികൊണ്ടു വരുന്ന കുട്ടികള്‍ക്കു പുറകെയല്ല പോകേണ്ടത്; കുട്ടികളെ കടത്തുന്നതിനെതിരേ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കോടതി

ന്യൂഡല്‍ഹി: നവജാത ശിശുവിനെആശുപത്രിയില്‍ നിന്ന് കാണാതായാല്‍, ആദ്യം ചെയ്യേണ്ടത് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുകയാണെന്ന് സുപ്രിംകോടതി. കുട്ടികളെ കടത്തുന്ന കേസുകളില്‍ ദുഃഖം പ്രകടിപ്പിച്ച കോടതി ഇത്തരം നടപടികള്‍ക്കെതിരേ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.കുട്ടികളെ കടത്തുന്ന കേസിലെ പ്രതികളുടെ ജാമ്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.

കേസുകള്‍ അലസതയോടെ കൈകാര്യം ചെയ്ത അലഹബാദ് ഹൈക്കോടതിയെ ചോദ്യം ചെയ്ത ബെഞ്ച് നിരവധി പ്രതികളെ കാണാനില്ലെന്നും അവര്‍ സമൂഹത്തിനു തന്നെ ഭീഷണിയാണെന്നും പറഞ്ഞു. എല്ലാ ആഴ്ചയും പോലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് പ്രതികള്‍ക്ക് ഹൈേേക്കാടതി ജാമ്യം നല്‍കുന്നത്. എന്നാല്‍ പോലിസിന്റെ കാര്യക്ഷമതയില്ലായ്മ പ്രതികളെ കുറിച്ചുള്ള സൂചന പോലും ഇല്ലാതാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി

കേസിലെ പ്രതി കുട്ടിയെ 4 ലക്ഷം രൂപക്കു വാങ്ങിയതാണ്. എന്നാല്‍ പ്രതിക്ക് കുട്ടിയെ കടത്തികൊണ്ടു വന്നതാണെന്നു അറിയാമായിരുന്നെന്നും കോടതി പറഞ്ഞു. കുട്ടിയെ വേണമെന്നുണ്ടെങ്കില്‍ കടത്തികൊണ്ടു വരുന്ന കുട്ടിക്കു പുറകെ പോവാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ബെഞ്ച് 'തികച്ചും നിരാശ' പ്രകടിപ്പിച്ചതായി ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

കേസിലെ എല്ലാ പ്രതികളോടും കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടു.കുട്ടികളെ കടത്തുന്നത് തടയുന്നതിനുള്ള വിശദമായ ശുപാര്‍ശകള്‍ വിധിന്യായത്തിലുണ്ടെന്ന് ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. അവ എത്രയും വേഗം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത വിചാരണകളുടെ സ്ഥിതി വ്യക്തമാക്കാന്‍ രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് നിര്‍ദ്ദേശിച്ച കോടതി, നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാണിക്കുന്ന ഏതൊരു അലംഭാവവും ഗൗരവമായി കാണുകയും കോടതിയലക്ഷ്യമായി കണക്കാക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് പര്‍ദിവാല കൂട്ടിചേര്‍ത്തു.

ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 2,000 കുട്ടികളെ കടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപോര്‍ട്ട് അനുസരിച്ച്, 2022 ല്‍ ഇത്തരത്തിലുള്ള 2250 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തെലങ്കാന, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളിലാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

Tags:    

Similar News