'വ്യാജഹിന്ദുത്വപാര്‍ട്ടികള്‍ രാജ്യത്തെ തെറ്റായി നയിക്കുന്നു': ഉദ്ദവ് താക്കറെ

Update: 2022-05-14 17:47 GMT

ന്യൂഡല്‍ഹി: വ്യാജഹിന്ദുത്വപാര്‍ട്ടികള്‍ രാജ്യത്തെ തെറ്റായി നയിക്കുന്നുവെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ബിജെപി, ശിവസേനയുെട ഹിന്ദുത്വപൈതൃകം ചോദ്യം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസ് (മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി) അവരുടെ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. നാം അവരെ പുറത്താക്കി. ഹിന്ദുത്വത്തിന്റെ സംരക്ഷകരാണെന്ന് അവര്‍ കരുതുന്നു. ഇവിടെയുള്ള ജനങ്ങളുടെ കാര്യമോ? അവര്‍ ആരാണ്?'- ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.

ശിവസേന ഹിന്ദുത്വരാഷ്ട്രീയത്തില്‍നിന്ന് തെന്നിമാറുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. താന്‍ താക്കറെയുടെ ഹിന്ദുത്വരാഷ്ട്രീയം മുറുകെപ്പിടിക്കുകയാണെന്നായിരുന്നു ഉദ്ദവിന്റെ വാദം.

'നിങ്ങളുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം സൃഷ്ടിച്ചത് എന്റെ മുത്തച്ഛനും എന്റെ അച്ഛനും സഹോദരന്‍ ശ്രീകാന്തുമാണ്. എന്നാല്‍ ആരാണ് അതുപേക്ഷിച്ചതെന്ന് നിങ്ങള്‍ക്കറിയാം. ഭാരതീയ ജനസംഘം'- താക്കറെ പറഞ്ഞു.

രാഹുല്‍ ഭട്ട് സര്‍ക്കാര്‍ ഓഫിസില്‍വച്ചാണ് മരിച്ചത്. തീവ്രവാദികള്‍ അദ്ദേഹത്തെ കൊന്നു. നിങ്ങള്‍ ഇവിടെ ഹനുമാന്‍ ഛാലിസ വായിച്ചിരിക്കുകയാണ്- മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി. 

Tags:    

Similar News