മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ കോടതിയില്‍ വ്യാജ ഹരജി: അന്വേഷണത്തിന് ഉത്തരവ്

Update: 2020-08-04 13:34 GMT

തിരുവനന്തപുരം: കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉപാധ്യക്ഷനാണെന്ന് അവകാശപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ച് തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരേ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഒരു മാസത്തിനുള്ളില്‍ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി (റൂറല്‍) അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

മലയിന്‍കീഴ് സ്വദേശി രാജേഷാണ് കമ്മീഷന്‍ ഉപാധ്യക്ഷനായി ചമഞ്ഞ് കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പേരൂര്‍ക്കട സ്വദേശിയും അംഗപരിമിതനുമായ ആര്‍. ജയപ്രകാശും രാജേഷും തമ്മില്‍ ഒരു സിവില്‍ കേസ് കാട്ടാക്കട കോടതിയില്‍ നിലവിലുണ്ട്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് രാജേഷ്, മനുഷ്യാവകാശ കമ്മീഷന്റെ പേര് ഉപയോഗിച്ചതെന്ന് പോലിസ് അറിയിച്ചു. മലയിന്‍കീഴ് പോലിസ് നടത്തിയ അന്വേഷണത്തില്‍ രാജേഷ് മനുഷ്യാവകാശ സംരക്ഷണ കൗണ്‍സില്‍ എന്ന സംഘടനയുടെ വൈസ് ചെയര്‍മാന്‍ ആണെന്നു പറയുന്നു. കമ്മീഷന്റെ പേര് ഉപയോഗിച്ചത് വക്കീല്‍ ഓഫിസില്‍ സംഭവിച്ച പിഴവാണെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.

എന്നാല്‍ കമ്മീഷന്റെ പേര് ഇയാള്‍ സ്ഥിരമായി ദുരുപയോഗം ചെയ്യാറുണ്ടെന്ന് പരാതിക്കാരന്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ളതിനാല്‍ നിസാരമായി കാണാനാവില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. 

Tags:    

Similar News